May 30, 2026

യുകെ ജോലി തട്ടിപ്പ്: കാർത്തിക പ്രദീപിന് ഉപാധികളോടെ ജാമ്യം; മറ്റു കേസുകളിൽ ജാമ്യമില്ലാത്തതിനാൽ പുറത്തിറങ്ങില്ല

0
IMG_20250617_211117
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി ഉടമ കാർത്തിക പ്രദീപിന് ജാമ്യം ലഭിച്ചു. നീർവാരം സ്വദേശിയായ ഒരു യുവാവിൽ നിന്ന് 8,10,000 രൂപ തട്ടിയ സംഭവത്തിൽ പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്നാം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പനമരം നീർവാരം സ്വദേശിയുടെ പരാതിയിൽ വഞ്ചനാ കുറ്റത്തിന് കേസെടുത്ത പനമരം പോലീസ്, സമാനമായ കേസിൽ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കാർത്തിക പ്രദീപിനെ മെയ് 23-നാണ് കസ്റ്റഡിയിൽ എടുത്ത് മാനന്തവാടി ഒന്നാം നമ്പർ ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയത്.

പ്രതിക്ക് തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യം ഇല്ലായിരുന്നുവെന്നും, ആഗോളതലത്തിൽ സംഭവിച്ച തൊഴിൽ മാന്ദ്യം മൂലമാണ് എഗ്രിമെന്റ് കാലാവധിക്കുള്ളിൽ വിസ നൽകാൻ സാധിക്കാതെ വന്നതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചത്. അഡ്വ. അഖിൽ വേണുഗോപാൽ ആണ് പ്രതിക്ക് വേണ്ടി ഹാജരായത്.

പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും, എറണാകുളം ജില്ലാ ജയിലിൽ കഴിയുന്ന കാർത്തിക പ്രദീപിന് മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ നിലവിൽ പുറത്തിറങ്ങാൻ സാധിക്കില്ല. നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന് ആരോപിക്കപ്പെടുന്ന ഈ കേസ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *