ഒന്നരക്കോടി രൂപ കവർച്ച: വയനാട്ടിൽ ആറംഗ ക്വട്ടേഷൻ സംഘം പിടിയിൽ
കൽപ്പറ്റ: മഹാരാഷ്ട്രയിൽനിന്ന് ഒന്നരക്കോടി രൂപ കവർച്ചചെയ്ത് കേരളത്തിലേക്ക് കടന്ന ആറംഗ ക്വട്ടേഷൻ സംഘത്തെ വയനാട് പോലീസ് അതിസാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി.
പാലക്കാട് സ്വദേശികളായ നന്ദകുമാർ (32, കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്), അജിത്കുമാർ (27, കാണിക്കുളം, കഞ്ഞിക്കുളം), സുരേഷ് (47, പോൽപുള്ളി, പാലാനംകൂറിശ്ശി), വിഷ്ണു (29, കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്), ജിനു (31, മലമ്പുഴ, കാഞ്ഞിരക്കടവ്), കലാധരൻ (33, വാവുല്യപുരം, തോണിപാടം) എന്നിവരാണ് പിടിയിലായത്.
സംഭവത്തിന്റെ വിശദാംശങ്ങൾ
കെ.എൽ.10 എ. ജി 7200 നമ്പർ സ്കോർപിയോ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ 2025 ജൂലൈ 12 രാത്രിയിൽ കൈനാട്ടിയിൽ വെച്ച് ഹൈവേ പോലീസും കൽപ്പറ്റ പോലീസും സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ ബുഞ്ച് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇവർ.
പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അലർട്ട് നൽകിയിരുന്നു. തുടർന്നാണ് വാഹനം പിന്തുടർന്ന് പിടികൂടിയത്.
പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. വൈദ്യപരിശോധനക്ക് ശേഷം ഇവരെ മഹാരാഷ്ട്ര പോലീസിന് കൈമാറി.
സബ് ഇൻസ്പെക്ടർമാരായ വിമൽ ചന്ദ്രൻ, എൻ.വി. ഹരീഷ്കുമാർ, ഒ.എസ്. ബെന്നി, എ.എസ്.ഐ. മുജീബ് റഹ്മാൻ, ഡ്രൈവർ എസ്.സി.പി.ഒ. പി.എം. സിദ്ധിഖ്, സി.പി.ഒ. എബിൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.





Leave a Reply