May 2, 2026

ഇഞ്ചി, വാഴ, കാപ്പി, കുരുമുളക് കർഷകർക്കായി യു.എഫ്.പി.എയുടെ ‘അറിവ്’ സെമിനാർ ഈ മാസം 27-ന്

0
IMG_20250724_144057
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: പൈരിക്കൂലാറിയ ഫംഗസ് ആക്രമണത്താൽ ദുരിതത്തിലായ ഇഞ്ചി കർഷകർക്ക് ആശ്വാസവുമായി യുണൈറ്റഡ് ഫാർമേഴ്‌സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (യു.എഫ്.പി.എ). സംഘടനയുടെ നേതൃത്വത്തിൽ ഈ മാസം 27-ന് പുൽപള്ളി എസ്.എൻ. ബാലവിഹാർ ഓഡിറ്റോറിയത്തിൽ “അറിവ്” കാർഷിക ജാഗ്രതാ സെമിനാർ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് സെമിനാർ ആരംഭിക്കുക.

 

സംഘടനയുടെ മെഡിസിൻ വിംഗിന്റെ നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പൈരിക്കൂലാറിയ ഫംഗസ് ആക്രമണത്തെ പ്രതിരോധിക്കാൻ സാധിച്ചതായി യു.എഫ്.പി.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ അനുഭവങ്ങളും കാർഷിക വിദഗ്ധരുടെ ഉപദേശങ്ങളും കർഷകരിലേക്ക് എത്തിക്കുകയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം.

 

ഇഞ്ചി കർഷകർക്ക് പുറമെ, വാഴ കർഷകർ നേരിടുന്ന പ്രശ്നങ്ങളും സെമിനാറിൽ ചർച്ച ചെയ്യും. വാഴ കൃഷിയിലെ പുതിയതും പഴയതുമായ പ്രതിസന്ധികളെക്കുറിച്ച് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളായ കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികളിലെ നൂതന ആശയങ്ങളും സെമിനാറിൽ അവതരിപ്പിക്കും. തുറന്ന ചർച്ചയിലൂടെ കർഷകർക്ക് ആശയവിനിമയം നടത്താനും സംശയങ്ങൾ ദൂരീകരിക്കാനും സാധിക്കുമെന്ന് സംഘാടകർ പ്രത്യാശിക്കുന്നു.

 

കേരള കാർഷിക സർവ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ഗവാസ് രാഗേഷ്, ക്രിസ്റ്റൽ ക്രോപ് പ്രൊട്ടക്ഷൻ ലിമിറ്റഡിലെ അഗ്രിക്കൾച്ചറൽ എക്സ്പർട്ട് ശ്രീ പ്രേംകുമാർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. കൂടാതെ, കോഫി ബോർഡിൽ നിന്നുള്ള പ്രതിനിധിയും സെമിനാറിൽ പങ്കെടുക്കും.

 

ഈ സെമിനാറിൽ പങ്കെടുത്ത് അറിവ് നേടാനും കൃഷിയെ സംരക്ഷിക്കാനും അതുവഴി ജീവിതം സുരക്ഷിതമാക്കാനും എല്ലാ കർഷകരെയും യു.എഫ്.പി.എ ക്ഷണിച്ചു. പൈരിക്കൂലാറിയ കുമിൾ രോഗത്തിന് മരുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു.

 

യു.എഫ്.പി.എ ദേശീയ ചെയർമാൻ എമിൻസൺ തോമസ്, യൂത്ത് വിംഗ് ചെയർമാൻ ജോബിൻ ജോസ്, യു.എഫ്.പി.സി.ഒ കമ്പനി ചെയർമാൻ ബേബി പെരുങ്കുഴി, സംഘടനയുടെ മെഡിസിൻ വിഭാഗം ചെയർമാൻ ബിബിൻ പി.എൽ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *