ബാലസഭ മഴയുത്സവം ചെന്നലോട് ആഘോഷമാക്കി
ചെന്നലോട്: തരിയോട് പഞ്ചായത്തിലെ ചെന്നലോട് വാർഡിലെ ബാലസഭ കുട്ടികൾ മഴയുത്സവം വർണാഭമാക്കി ആഘോഷിച്ചു. മഴ ഗാനങ്ങൾ ആലപിച്ചും മഴക്കാഴ്ചകൾ ചിത്രീകരിച്ചും കടലാസ് തോണികൾ നിർമ്മിച്ച് ഒഴുക്കിയും മഴ നൃത്തം ചെയ്തും കുട്ടികൾ മഴക്കാലത്തെ വരവേറ്റു. കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിലാണ് മഴയുത്സവം സംഘടിപ്പിച്ചത്.
കർളാട് സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബാലസഭ റിസോഴ്സ് പേഴ്സൺ ശബാന അബ്ബാസ് പദ്ധതി വിശദീകരണം നടത്തി.
സിഡിഎസ് എക്സിക്യൂട്ടീവ് അംഗം സാഹിറ അഷ്റഫ്, എഡിഎസ് പ്രസിഡന്റ് ഷീന ഗോപാലൻ, ഉഷ വെള്ളൻ, ഗിരിജ രവീന്ദ്രൻ എന്നിവർ മഴയുത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള സന്ദേശം നൽകാനും മഴയുത്സവം സഹായകമായെന്ന് സംഘാടകർ അറിയിച്ചു.





Leave a Reply