വെള്ളാർമല സ്കൂൾ പുനരുദ്ധാരണം വൈകുന്നു; അടിയന്തര നടപടി വേണം: യങ് ഡെമോക്രാറ്റ്സ്
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഹയർസെക്കൻഡറി സ്കൂൾ ദുരന്തം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാത്തത് സർക്കാറിന്റെ ഗുരുതര വീഴ്ചയാണെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. 400-ലധികം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഈ സമീപനം ദുരന്തബാധിതരോടുള്ള അവഗണനയാണ്. സ്കൂൾ പുനർനിർമാണത്തിനായി എട്ട് കോടി രൂപ അനുവദിച്ചിട്ടും പഞ്ചായത്തിന്റെ അധീനതയിൽ അനുയോജ്യമായ സ്ഥലം ലഭ്യമായിരിക്കെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും കമ്മിറ്റി.
ദുരന്തം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും പുനരധിവാസം പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 140-ലധികം കുടുംബങ്ങൾ ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്. പുനരധിവാസ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് ദുരിതബാധിതരിൽ കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ദുരന്തബാധിതരുടെ പുനരധിവാസവും വെള്ളാർമല സ്കൂളിന്റെ പുനർനിർമാണവും സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകേണ്ട വിഷയങ്ങളാണ്. പി.ആർ. പ്രചാരണങ്ങൾക്കപ്പുറം, ലഭ്യമായ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമാണവും പുനരധിവാസ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ദുരിതബാധിതരുടെ ജീവിതം സാധാരണ നിലയിലാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.





Leave a Reply