ദുരിതബാധിതർക്കൊപ്പം മുസ്ലീം ലീഗ് എന്നുമുണ്ടാവും: ഹമീദലി തങ്ങൾ
കൽപ്പറ്റ: ചൂരൽമലയിലും മുണ്ടക്കൈയിലും പെയ്തിറങ്ങിയ മഹാദുരന്തം മലയാളിയുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവുകൾ ഒരിക്കലും മാഞ്ഞുപോകില്ലെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിന് രണ്ട് വർഷം പിന്നിടുന്ന ദിവസം വയനാട് ജില്ല മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർമ്മ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹമീദലി തങ്ങൾ.
ഒന്നുമില്ലായ്മയിലേക്ക് തള്ളിയിടപ്പെട്ട ഒരു ജനതയെ ചേർത്തുപിടിക്കാൻ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യത്വം മാത്രമാണ് നാം കണ്ടത്. ആ നന്മയാണ് എല്ലാം നഷ്ടപ്പെട്ടവരെ പുതിയൊരു ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. ദുരന്തം നടന്ന് രണ്ടു വർഷം പിന്നിടുമ്പോഴും ദുരന്തഭൂമിയിലെ കാഴ്ചകളും പ്രിയപ്പെട്ടവരുടെ ഓർമ്മകളും നെഞ്ചുപിടയ്ക്കുന്ന വേദനയായി അവശേഷിക്കുകയാണ്. കൈവിടില്ല കൂടെയുണ്ട് എന്ന വാഗ്ദാനം കേവലം വാക്കുകളിൽ ഒതുങ്ങുന്നതല്ല. സ്വന്തം മണ്ണും വീടും നഷ്ടപ്പെട്ട അവസാനത്തെ ആളും സുരക്ഷിതരാകുന്നത് വരെ അവരെ ചേർത്തുപിടിക്കാൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു.
ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങളിൽ സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിനായി ദുരന്തഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ച യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരുടെ സേവനം മാതൃകാപരമായിരുന്നവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന പ്രാർത്ഥന സംഗമത്തിനും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
ദുരന്തം ഉണ്ടായ ആദ്യ മണിക്കൂറുകൾ മുതൽ രക്ഷാപ്രവർത്തനവുമായി ദുരന്തമുഖത്ത് ഉണ്ടായിരുന്ന മുസ്ലീം ലീഗും പോഷക ഘടകങ്ങളും പുനരധിവാസ പ്രവർത്തനം പൂർത്തിയാവുന്നത് വരെ രംഗത്തുണ്ടാവുമെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം, വീടുകളുടെ നിർമ്മാണം, തൊഴിൽ-ഉപജീവന മാർഗ്ഗങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കി സമഗ്രമായ പുനരധിവാസ പദ്ധതികളിലൂടെ മുസ്ലിം ലീഗ് നാടിന്റെ പുനർനിർമ്മാണത്തിൽ എന്നും മുന്നിലുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് എൻ.കെ റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ റസാഖ് കൽപ്പറ്റ, എം. മുഹമ്മദ് ബഷീർ, അബ്ദുല്ല മാടക്കര, സി.കുഞ്ഞബ്ദുല്ല, പി.പി അയ്യൂബ്, അഡ്വ എം.സി.എം ജമാൽ, കെ. ഹാരിസ്, വി, അസൈനാർ ഹാജി, നിയോജക മണ്ഡലം ഭാരവാഹികളായ സലിം മേമന, ടി. മൊയ്തു, കടവൻ ഹംസ ഹാജി, കൊച്ചി ഹമീദ്, സി.കെ ഹാരിഫ്, കോളോത്ത് അബ്ദുല്ല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, കെ.കെ ഹനീഫ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശിഹാബ്, സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്‌സൺ റസീന അബ്ദുൽഖാദർ, സലാം മൗലവി, നജീബ് കാരാട് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതവും നാസർ നന്ദിയും പറഞ്ഞു.





Leave a Reply