സംസ്ഥാന സർക്കാർ കർഷകരെ അവഗണിക്കുന്നു; കർഷക മോർച്ച പ്രതിഷേധിച്ചു
കൽപ്പറ്റ :സംസ്ഥാന സർക്കാർ കർഷകരെ അവഗണിക്കുകയാണെന്ന് ആരോപിച്ച് കർഷക മോർച്ച രംഗത്ത്. ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഷാളണിയിച്ച് ലക്ഷങ്ങൾ ചെലവഴിക്കുന്ന സർക്കാർ കർഷകരുടെ പ്രശ്നങ്ങളെ അവഗണിക്കുകയാണെന്ന് കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് മണലേരി പറഞ്ഞു.
കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പോലും യഥാസമയം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലവർഷം, വന്യമൃഗശല്യം, വിലത്തകർച്ച എന്നിവ കാരണം ദുരിതത്തിലായ കർഷകർക്ക് ലഭിക്കേണ്ട കുടിശ്ശിക ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തയ്യാറാകണമെന്നും രാമദാസ് മണലേരി ആവശ്യപ്പെട്ടു. കേരളം കാർഷിക സൗഹൃദമാക്കുന്നതിന് പകരം കർഷക ദ്രോഹികളായി മാറുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
കർഷക മോർച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാമദാസ് മണലേരി. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആരോട രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഫി ബോർഡ് മെമ്പർ സുരേഷ് അരിമുണ്ട, മേഖലാ വൈസ് പ്രസിഡന്റ് പുനത്തിൽ രാജൻ, ജി.കെ. മാധവൻ, എം.പി. സുകുമാരൻ, വിൽഫ്രഡ് ജോസ് എന്നിവരും സംസാരിച്ചു.





Leave a Reply