മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്; കമ്പളക്കാട് സ്റ്റേഷനില്‍ മാത്രം ആറോളം കേസുകള്‍
ജില്ലയിലെ അഞ്ഞൂറോളം പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഉത്തരേന്ത്യന്‍ സംഘത്തിനന്റെ വന്‍ സൈബര്‍ തട്ടിപ്പ്.കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇത്തരത്തില്‍ ആറോളം കേസുകളാണ് നിലവിലുള്ളത്.അരിഞ്ചേര്‍മല സ്വദേശി പുത്തൂര്‍ വീട്ടില്‍ ഇസ്മയിലിനെ കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് നാഗാലാന്റ് സൈബര്‍ സംഘം അറസ്റ്റ് ചെയ്തതോടെയാണ് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ഇസ്മയിലിനൊപ്പമുള്ള മറ്റു രണ്ടു പേരെ കൂടി പിടികൂടാനുള്ള ശ്രമാത്തിലാണ് പൊലിസ്.ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ നിന്നുള്ള തട്ടിപ്പ് സംഘം വയനാട് ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ ഉള്‍പ്പടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വിലക്ക് വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തുന്നത്.
അതേസമയം, നാഗാലാന്‍ഡ് സൈബര്‍ പൊലീസിന്റെ കസ്റ്റഡിയിലായ ഇസ്മായിലിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പൊലിസ് തയ്യാറാകുന്നില്ലെന്നും 10 ദിവസം കഴിഞ്ഞിട്ടും മകന്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് സൂപ്പി മാധ്യമത്തോട് പറഞ്ഞു.
5000മുതല്‍ 10000 രൂപവരെ നല്‍കി അക്കൗണ്ടുകള്‍ വിലക്കുവാങ്ങിയ ശേഷം പ്രസ്തുക അക്കൗണ്ടുകള്‍ ഉപയോഗിച്ച് സൈബര്‍ മാഫിയ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് വരുമ്പോള്‍ അക്കൗണ്ട് ഉടമ പ്രതിയാക്കപ്പെടുകയും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘം സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയ്യും. ബാങ്ക് അക്കൗണ്ടുകള്‍ വിലകൊടുത്ത് വാങ്ങാന്‍ സൈബര്‍ മാഫിയക്ക് ഇടനിലക്കാരായി നില്‍കുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ് എന്നാണ് വിവരം. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ ഉപരി പഠനം നടത്തുന്ന വിദ്യാര്‍ഥികളും ഉള്‍പെടുന്നുണ്ട്. പണത്തിന് വേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കി വന്‍ കുരുക്കില്‍ അകപ്പെടുന്നവരില്‍ കൂടുതലും യുവാക്കളും വിദ്യാര്‍ഥികളുമാണ്. ബാങ്ക് അക്കൗണ്ട്, എ.ടി.എം, പിന്‍ ഉള്‍പ്പടെയാണ് ഇവര്‍ സൈബര്‍ മാഫിയകള്‍ക്ക് കൈമാറുന്നത്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇത്തരം അക്കൗണ്ടുകളിലൂടെ സൈബര്‍ തട്ടിപ്പുകാര്‍ നടത്തുന്നത്. തട്ടിപ്പ് പിടിക്കപ്പെട്ടാല്‍ പ്രതി ചേര്‍ക്കപ്പെടുക അക്കൗണ്ട് ഉടമയാണെന്ന് അറിയാതെയാണ് പലരും തട്ടിപ്പില്‍ കുടുങ്ങുന്നത്. ഇത്തരത്തില്‍ നിരവധി ചെറുപ്പക്കാര്‍ മറ്റു സംസ്ഥാനങ്ങളിലെ സൈബര്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണി നേരിടുന്നതായാണ് വിവരം. അതേസമയം ഇതര സംസ്ഥാനങ്ങളിലാണ് ഇതു സംബന്ധിച്ച കേസുകളുള്ളതെന്നും വയനാട്ടില്‍ ഒരു കേസ് മാത്രമാണ് റജിസ്റ്റര്‍ ചെയ്തതെന്നും ജില്ലാ പൊലിസ് മേധാമി തപോഷ് ബസുമതാരി പറഞ്ഞു. പണം ട്രാന്‍സഫര്‍ ചെയ്യുന്നതിന് വേണ്ടിയാണ് തട്ടിപ്പ് സംഘം മറ്റുള്ളവരുടെ അക്കൗണ്ട് കൈക്കാലാക്കുന്നത്. ചില കോളജുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പണം നല്‍കി കൂട്ടമായി അക്കൗണ്ട് വാങ്ങിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പ് സംബന്ധിച്ച് രഹസ്യാന്വേഷണം നടത്തിയിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply