April 25, 2026

ജില്ലാ ആസ്ഥാന നഗരഭരണം പിടിക്കാൻ ഇരുമുന്നണികളും

0
IMG_20251204_160841
By ന്യൂസ് വയനാട് ബ്യൂറോ

നാലിടത്ത് യുഡിഎഫിന് വിമതര്‍ 

കൽപറ്റ: ജില്ലാ ആസ്ഥാന നഗരമായ കൽപറ്റയിൽ ഭരണം പിടിക്കാൻ ഇരു മുന്നണികളും കച്ചകെട്ടി ഇറങ്ങിയതോടെ ഇത്തവണത്തെ നഗരസഭാ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പായി. 30 വാർഡുകളുള്ള കൽപറ്റ നഗരസഭയിൽ ഭരണം നിലനിർത്താൻ യു.ഡി.എഫും കൈവിട്ട ഭരണം തിരികെ പിടിക്കാൻ എൽ.ഡി.എഫും പ്രചാരണരംഗത്ത് ബഹുദൂരം മുന്നിലാണ്. അതേസമയം, അക്കൗണ്ട് തുറക്കാൻ തീവ്രശ്രമത്തിലാണ് എൻ.ഡി.എ. വാർഡ് പുനർവിഭജനത്തോടെ 28 ഡിവിഷനുകൾ 30 ആയി ഉയർന്ന കൽപറ്റയിൽ, പട്ടികവർഗ്ഗ വിഭാഗത്തിനാണ് ഇത്തവണ നഗരസഭാ അധ്യക്ഷ പദവി.

 

ഹൈക്കോടതിയിൽ

യു.ഡി.എഫ്. ചെയർമാൻ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി തെരഞ്ഞെടുപ്പിന് തുടക്കത്തിൽ തന്നെ വലിയ വിവാദമായി. ടി.വി. രവീന്ദ്രന്റെ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി പത്രിക തള്ളിയ നടപടിയെ വിമർശിക്കുകയും ചെയ്തത് വലിയ ചർച്ചാവിഷയമായിരുന്നു.

നഗരസഭരൂപീകൃതമായ ശേഷം ഏറെക്കാലം എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്നു കൽപറ്റ. എന്നാൽ, 2010-ൽ ജനതാദൾ യു.ഡി.എഫിലേക്ക് ചേക്കേറിയതോടെ 28-ൽ 21 ഡിവിഷനുകളും നേടി യു.ഡി.എഫ്. ആദ്യമായി ഭരണം പിടിച്ചു. 2015-ലും ഭരണം നിലനിർത്തിയെങ്കിലും ജനതാദൾ എൽ.ഡി.എഫിലേക്ക് തിരികെ പോയതോടെ കാലാവധി തീരും മുൻപ് ഭരണം എൽ.ഡി.എഫിന് ലഭിച്ചു. 2020-ൽ 15 സീറ്റുകളുമായി ഭരണം തിരിച്ചുപിടിച്ച യു.ഡി.എഫാണ് നിലവിൽ കൽപറ്റ നഗരസഭ ഭരിക്കുന്നത്.

 

 

നഗരസഭയിൽ സീറ്റ് വിഭജനത്തെ ചൊല്ലി യു.ഡി.എഫ്. നേതൃത്വത്തിൽ ഉടലെടുത്ത പൊട്ടലും ചീറ്റലും ഭിന്നത രൂക്ഷമാക്കി. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നാല് വാർഡുകളിലാണ് പ്രധാനമായും വിമത സ്ഥാനാർത്ഥികൾ യു.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

 

തുർക്കിയിൽകോൺഗ്രസിന്റെ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ഇവിടെ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി രംഗത്തുള്ളത്.

പുൽപാറയിലും ലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസിലെ മജീദ് റിബലായി മത്സരിക്കുന്നു.

 

ഗൂഡലായിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ് മത്സരിക്കുന്ന വാർഡിൽ ലീഗിൽ നിന്നുതന്നെയാണ് വിമതൻ.

എമിലിത്തടത്ത് ഇവിടെയും ലീഗിനെതിരെ ലീഗ് വിമത സ്ഥാനാർത്ഥിയായ ഉമൈബ മൊയ്തീൻ കുട്ടിയാണ് മത്സരിക്കുന്നത്.

 

കോൺഗ്രസ് നേതാവ് ഗിരീഷ് കൽപറ്റ മത്സരിക്കുന്ന വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന നൗഷാദ് യു.ഡി.എഫ്. വോട്ടുകൾ പിളർക്കുമെന്നും വിലയിരുത്തലുണ്ട്.

 

വിമതഭീഷണി നിലനിൽക്കെയും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇവരുടെ പ്രചാരണം.

 

സി.പി.എം-സി.പി.ഐ പോര്

എൽ.ഡി.എഫിന് നഗരസഭയിൽ വിമതശല്യം കാര്യമായില്ലെങ്കിലും വിഭാഗീയത രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിലെ ചിലരെ തിരഞ്ഞുപിടിച്ച് പരാജയപ്പെടുത്താൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നുണ്ടത്രേ. കൂടാതെ, ജില്ലയിലെ പലയിടത്തുമുള്ളതുപോലെ സി.പി.എം.-സി.പി.ഐ. പോരും നഗരസഭാ പരിധിയിൽ കുറവല്ല. യു.ഡി.എഫ്. ഭരണപരാജയവും ഒരാഴ്ചത്തേക്കു മാത്രമുള്ള നഗരസഭാധ്യക്ഷസ്ഥാനവും (നിലവിലെ ഭരണസമിതിയിൽ മൂന്ന് പേരാണ് മാറിമാറി ചെയർമാൻമാരായത്) ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *