September 4, 2026

നാളെ മനുഷ്യാവകാശ ദിനം: സമരപ്പന്തലില്‍ മനസുവിങ്ങി കാഞ്ഞിരത്തിനാല്‍ കുടുംബം

0
IMG_20251209_162841
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഡിസംബര്‍ 10 ലോകമെങ്ങും മനുഷ്യാവകാശദിനം ആഘോഷിക്കുമ്പോള്‍ വയനാട് കളക്ടറേറ്റ് പടിക്കലെ സത്യഗ്രപ്പന്തലില്‍ മനസുവിങ്ങി കാഞ്ഞിരത്തിനാല്‍ കുടുംബം. വനം-റവന്യു ഉദ്യോഗസ്ഥര്‍ ഗൂഢാലോചയിലൂടെ പിടിച്ചെടുത്ത കൃഷിഭൂമി വീണ്ടെടുക്കുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബം 2015 ഓഗസ്റ്റ് 15ന് കളക്ടറേറ്റി പടിക്കല്‍ ആരംഭിച്ച സത്യഗ്രഹം ഇപ്പോഴും തുടരുകയാണ്. പിടിച്ചെടുത്തതും പില്‍ക്കാലത്ത് വനമായി വിജ്ഞാപനം ചെയ്തതും കൃഷിഭൂമിയാണെന്ന യാഥാര്‍ഥ്യം വിളിച്ചറിയിക്കുന്ന രേഖകള്‍ മുമ്പില്‍ ഉണ്ടായിട്ടും ഹൈക്കോടതിയെ അറിയിക്കാനും ആധാരം റദ്ദാക്കിയ നടപടി തിരുത്താനും സര്‍ക്കാര്‍ തയാകുന്നില്ല. ഭൂമി വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിലും കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ അടയിരിക്കയാണ്.

തികഞ്ഞ അനീതിയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം നേരിടുന്നതെന്നു മനുഷ്യാവകാശ കമ്മീഷന്‍ 2023 ജൂലൈ 31ന് പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വനം ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ് കുടുംബത്തിനുണ്ടായ തിക്താനുഭവങ്ങള്‍ക്കു കാരണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെടുകയുമുണ്ടായി. കഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കമ്മീഷന്‍

കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും ഉത്തരവായിരുന്നു. കാഞ്ഞിരത്തിനാല്‍ പരേതരായ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസയുടെ ഭര്‍ത്താവ് ജയിംസിന്റെ പരാതിയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടയുള്ളവരെ നേരില്‍ക്കേട്ടതിനുശേഷമായിരുന്നു കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷനും ജുഡീഷല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. രണ്ടു വര്‍ഷവും നാല് മാസവും മുമ്പ് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിന്റെ ഗതിയെന്തായെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പരിശോധിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്.

വനം വകുപ്പ് അടിന്തരവാസ്ഥക്കാലത്ത് പിടിച്ചെടുത്തതാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്-ജോസ് സഹോദരങ്ങളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 12 ഏക്കര്‍ കൃഷിയിടം. കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു പിടിച്ചെടുത്ത ഭൂമി ടമകളില്‍ ഒരാളായ ജോര്‍ജിന്റെ മരണശേഷം 2013 ഒക്ടോബര്‍ 21നാണ് വനഭൂമിയായി വിജ്ഞാപനം ചെയ്തത്. ഈ വിജ്ഞാപനവും ഭൂമി പിടിച്ചെടുത്ത വനം വകുപ്പ് നടപടി ശരിവയ്ക്കുന്ന

1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ടിബ്യൂണല്‍ വിധിയും റദ്ദുചെയ്ത് ഭൂമി തിരികെ ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം വിശദമായി പരിശോധിച്ച മുന്‍ കളക്ടര്‍ ഡോ.രേണു രാജ് 2023 നവംബര്‍ 16നും 2024 മെയ് മൂന്നിനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മുഖേന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ ഉന്നത ഏജന്‍സിയെ നിയോഗിച്ച് അന്വേഷണം നടത്തി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാരിനു എടുക്കാമെന്നുകളക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഭൂമി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ എന്നു കളക്ടര്‍ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിക്കേസില്‍ ഹൈക്കോടതിയില്‍ ആള്‍മാറാട്ടം നടന്നുവെന്ന ആരോപണത്തില്‍ പരിശോധന ആവശ്യമാണെന്നും കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

167ല്‍ കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്നു കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ വിലയ്ക്കുവാങ്ങിയ 12 ഏക്കര്‍ ഭൂമിയാണ് 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്(വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ്) നിയമം ഉപയോഗപ്പെടുത്തി 1976ല്‍ വനം വകുപ്പ് പിടിച്ചെടുത്തത്. കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238/1ല്‍പ്പെട്ടതാണ് ഈ സ്ഥലം. വനം വകുപ്പിന്റെ നടപടിക്കെതിരെ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ നല്‍കിയ ഹരജിയില്‍ 75 സെന്റ് ഒഴികെയുള്ളത് വനഭൂമിയാണെന്നാണ് 1985ല്‍ കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിച്ചത്. വനം നോട്ടിഫിക്കേഷന്‍ ഇല്ലാതിരിക്കെയായിരുന്നു ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധി. ഇതിനെതിരേ എംഎഫ്എ 492/85 നമ്പറായി കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങളുടേതായി ഹൈക്കോടതിയില്‍ അപ്പീല്‍ എത്തിയിരുന്നു. ആള്‍മാറാട്ടത്തിലൂടെയാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. ഇക്കാര്യം കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ ജില്ലാ കളക്ടറെ രേഖാമൂലം ബോധ്യപ്പെടുത്തിയിരുന്നു. ആള്‍മാറാട്ടത്തെക്കുറിച്ച് ജയിംസിന്റെ പരാതിയില്‍ വിശദീകരിച്ചിരുന്നുവെങ്കിലും മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യം പരിശോധിച്ചിരുന്നില്ല.

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 11.25 ഏക്കര്‍ കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുത്ത് നിക്ഷിപ്തവനമായി വിജ്ഞാപനം ചെയ്തതില്‍ അടിയന്തര ജുഡീഷല്‍ അന്വേഷണം ശിപാര്‍ശ ചെയ്ത് നിലവിലെ ജില്ലാ കളക്ടര്‍

ഡി.ആര്‍. മേഘശ്രീ ഇക്കഴിഞ്ഞ മെയ് 28ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലും തുടര്‍നടപടി വൈകുകയാണ്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വായ്‌തോരാതെ പ്രസംഗിക്കുന്ന മനുഷ്യാവകാശ മുഖങ്ങളുടെ നോട്ടവും പതിറ്റാണ്ടുകളായി കാഞ്ഞിരത്തിനാല്‍ കുടുംബം അനുഭവിക്കുന്ന യാതനകളിലേക്ക് എത്തുന്നില്ല

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *