മീൻപിടുത്തത്തെച്ചൊല്ലി തർക്കം: വെടിവെപ്പും, കത്തിക്കുത്തും. മൂന്ന് പേർക്ക് പരിക്ക്
മാനന്തവാടി: തോട്ടിൽ മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം വെടിവെപ്പിലും കത്തിക്കുത്തിലും കലാശിച്ചു. പനവല്ലി എമ്മടിയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ആദണ്ഡകുന്ന് തടത്തിൽ അഗസ്റ്റിൻ എന്ന ബേബി (53)യെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു.വെടിവെപ്പിൽ മകന് കണ്ണിലും ,കത്തിക്കുത്തിൽ പിതാവിനും സുഹൃത്തിനും പരിക്കേറ്റു.
ബുധനാഴ്‌ച വൈകിട്ടാണ് അക്രമം. വീടിന് സമീപത്തെ തോട്ടിൽ വലയിട്ട് മീൻപിടിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. എമ്മടി വരിക്കാനിക്കുഴിയിൽ എബിനെ (21) ബേബി എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
തുടർന്ന് ഈ വിഷയത്തെക്കുറിച്ച് ചോദിക്കാനെത്തിയ എബിന്റെ പിതാവ് ബെന്നി (50), അയൽവാസി രാജു (50) എന്നിവരെ ബേബി കത്തിയുപയോഗിച്ച് ആക്രമിച്ചു. ബെന്നിയുടെ കൈവിരലിന് സാരമായ പരിക്കുണ്ട്. പരിക്കേറ്റ മൂന്നുപേരും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞെത്തിയ തിരുനെല്ലി എസ്.ഐ മെർവിൻ ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ആയുധങ്ങൾ സഹിതം കസ്റ്റഡിയിലെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ബേബിക്കെതിരെ കേസെടുത്തിരിക്കുന്നത്. എബിൻ, ബെന്നി എന്നിവരുടെ പരാതികളിൽ രണ്ട് പ്രത്യേക കേസുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.





Leave a Reply