എസൻസ് ഗ്ലോബൽ വയനാട് ജില്ലാ സമ്മേളനം 21-ന് മാനന്തവാടിയിൽ
കൽപ്പറ്റ: ശാസ്ത്രബോധവും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന എസൻസ് ഗ്ലോബലിൻ്റെ ജില്ലാ വാർഷിക സമ്മേളനം ‘ലാറ’ ഡിസംബർ 21 ഞായറാഴ്‌ച മാനന്തവാടി പാറക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി.
പ്രശസ്‌ത സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ പ്രൊഫ. സി. രവിചന്ദ്രൻ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ‘ഇസ്ലാമും അംബേദ്‌കറും’ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
ശാസ്ത്രം, ചരിത്രം, പരിസ്ഥിതി, മനഃശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലായി പ്രഗത്ഭർ നയിക്കുന്ന ക്ലാസുകളും സംവാദങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സ്വതന്ത്രചിന്തയും വിമർശനങ്ങളും ചർച്ചയാകുന്ന തുറന്ന സംവാദത്തിൽ ആരിഫ് ഹുസൈൻ തെരുവത്ത്, പ്രൊഫ. ടി. ജെ. ജോസങ്ങളും ഹക ചളിക്കോട്, പ്രസാദ് വേങ്ങര എന്നിവർ പങ്കെടുക്കും. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഇവർ മറുപടി നൽകും.
വയനാടിൻ്റെ വികസനവും പരിസ്ഥിതി വാദവും തമ്മിൽ നിരന്തര
സംഘട്ടനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തിലെ യുക്തിയും പ്രായോഗികതയും ചർച്ച ചെയ്യുന്ന പാനൽ ചർച്ചയിൽ പ്രശസ്‌ത ബ്ലോഗർ വിജയകുമാർ ബ്ലാത്തൂർ, എഴുത്തുകാരൻ ജഗദീഷ് വില്ലോടി, പരിസ്ഥിതി പ്രവർത്തകൻ ഇ.പി. അനിൽ എന്നിവർ പങ്കെടുക്കും. റിജു കാലിക്കറ്റ് മോഡറേറ്ററാകും.
മാനസികാരോഗ്യരംഗത്തെ തെറ്റിദ്ധാരണകളും ശാസ്ത്രീയ വശങ്ങളും
ചർച്ച ചെയ്യുന്ന ഇൻ്ററാക്റ്റീവ് സെഷനിൽ കൽപ്പറ്റ ജനറൽ ഹോസ്‌പിറ്റൽ ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. ഹരീഷ് കൃഷ്‌ണൻ പങ്കെടുക്കും. നയൻതാര ഈ സെഷന് നേതൃത്വം നൽകും. പൊതുജനങ്ങൾക്ക് സംശയങ്ങൾ ചോദിക്കാൻ അവസരമുണ്ടാകും.
അമോണിയയുടെ കണ്ടെത്തലും ചരിത്രവും കോർത്തിണക്കി ഉണ്ട ചോറും ഉണ്ട ബോംബും’ എന്ന വിഷയത്തിൽ ശ്യാംകുമാർ വി.എച്ച് സംസാരിക്കും.
. വിശ്വാസത്തിൻ്റെ മനഃശാസ്ത്രം വിശകലനം ചെയ്‌തുകൊണ്ട് ‘ദൈവത്തെ സൃഷ്ടിക്കുന്ന മനസ്സ്’ എന്ന വിഷയത്തിൽ വിദ്യാർത്ഥിയായ മനോമി സന്തോഷ് വിഷയാവതരണം നടത്തും..
ശാസ്ത്രീയ അറിവുകൾ പങ്കുവെക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരമൊരുക്കുന്നതാകും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
എസൻസ് ഗ്ലോബലിനുവേണ്ടി വയനാട് ജില്ല സംഘാടകരായ യാസിൻ ഒമർ, അഷ്റഫ് അലി റിപ്പൺ സോഫിയ സുരേഷ്,കൃഷ്ണൻകുട്ടി, ജ്യോതിഷ്‌കുമാർ ജോസ് മാനന്തവാടി എന്നിവർ പങ്കെടുത്തു.





Leave a Reply