രാജേന്ദ്രൻ നായരുടേത് ആത്മഹത്യയല്ല, സിബിഐ അന്വേഷിക്കണം: കെ.കെ. ഏബ്രഹാം
കല്‍പ്പറ്റ: കര്‍ഷകന്‍ പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലത്ത് രാജേന്ദ്രന്‍ നായരുടെ(55)മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ പോലീസ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ മൊഴിയെടുത്തു. രാജേന്ദ്രന്‍ നായരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചും വിഷയത്തില്‍ സിബിഐ അന്വേഷണത്തിനും ഏബ്രഹാം 2025 ഒക്ടോബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മൊഴിയെടുപ്പ്. ബത്തേരി ഡിവൈഎസ്പി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഏബ്രഹാമിന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
2023 മെയ് 30നാണ് രാജേന്ദ്രന്‍ നായരെ മരിച്ച നിലയില്‍ അയല്‍വാസിയുടെ കൃഷിയിടത്തില്‍ കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പൊതുപ്രവര്‍ത്തകരില്‍ ചിലര്‍ ശഠിച്ചതിനെത്തുടര്‍ന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചത്.
കടക്കെണിയില്‍ അകപ്പെട്ടതിന്റെ മനോവ്യഥയില്‍ രാജേന്ദ്രന്‍ നായര്‍ ജീവനൊടുക്കുകയായിരുന്നുവെന്നു ആരോപണം ഉയര്‍ന്നിരുന്നു. പലിശയടക്കം രാജേന്ദ്രന്‍ നായരുടെ പേരില്‍ കുടിശികയായ 35 ലക്ഷത്തില്‍പരം രൂപ വസൂല്‍ ചെയ്യുന്നതിന് ബാങ്ക് അധികൃതര്‍ നീക്കം തുടങ്ങിയ സാഹചര്യത്തിലായിരുന്നു രാജേന്ദ്രന്‍ നായരുടെ മരണമെന്നും പ്രചാരണമുണ്ടായി. 70 സെന്റ് ഭൂമി പണയപ്പെടുത്തി രാജേന്ദ്രന്‍ നായര്‍ ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ഏബ്രഹാം പ്രസിഡന്റായിരിക്കേ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കെടുകളാണ് രേഖകളില്‍ വന്‍തുക കുടിശികയാകാന്‍ കാരണമെന്നും വീട്ടുകാര്‍ അടക്കം ആരോപിക്കുകയുമുണ്ടായി.
രാജേന്ദ്രന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണയ്ക്ക് 362/2023 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏബ്രഹാമിനെ കസ്റ്റഡിയിലെടുത്ത പോലീസ് ജൂണ്‍ ഒന്നിനു രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ബാങ്കുമായി ബന്ധപ്പെട്ടതും ഒരു വര്‍ഷത്തോളം പഴക്കുമുള്ളതുമായ മറ്റൊരു സ്വകാര്യ പരാതിയിലും പ്രതിയാക്കിയാണ് ഏബ്രഹാമിനെ പിറ്റേന്ന് ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായ ഏബ്രഹാമിനു 45 ദിവസങ്ങള്‍ക്കുശേഷമാണ് ജാമ്യം ലഭിച്ചത്. പുല്‍പ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കോടതി റിമാന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് ഏബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
രാജേന്ദ്രന്‍ നായരുടേത് ആത്മഹത്യയല്ലെന്ന് ഏബ്രഹാം കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച നിവേദനത്തില്‍ പറയുന്നു. അന്നത്തെ പുല്‍പ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറും അന്വേഷണത്തില്‍ കൃത്രിമം കാട്ടിയാണ് രാജേന്ദ്രന്‍ നായരുടെ ദുരൂഹമരണം ആത്മഹത്യയായി ചിത്രീകരിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് പോലീസ് തനിക്കെതിരേ കേസെടുത്തതില്‍ ഗൂഢാലോചനയുണ്ട്. പോലീസും പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും സിപിഐ(എംഎല്‍)റെഡ് ഫഌഗ് നേതാവും ഇതില്‍ പങ്കാളികളാണ്. രാഷ്ട്രീയമായി തന്നെ തകര്‍ക്കുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. രാജേന്ദ്രന്‍ നായര്‍ 2015ലാണ് ബാങ്കില്‍നിന്നു ആദ്യമായി വായ്പയെയെടുത്തത്. 2016ലും 17ലും 18ലും പലിശയച്ച് പുതുക്കി. എല്ലാ വായ്പ രേഖകളിലും രാജേന്ദ്രന്‍ നായരുടെ കൈയൊപ്പും വിരലൊപ്പും ഉണ്ട്. ഒടുവില്‍ കൈപ്പറ്റിയ വായ്പ വീടുപണിക്കു ഉപയോഗിച്ചതിനു തെളിവുണ്ട്. എന്നിരിക്കേയാണ് വായ്പ ക്രമക്കെടന്ന ആരോപണം തത്പരകക്ഷികള്‍ ഉയര്‍ത്തിയത്. കുടിശിക അടയ്ക്കാനുള്ള സന്നദ്ധത രാജേന്ദ്രന്‍ നായര്‍ 2020ല്‍ 2093/2020 നമ്പറായി നല്‍കിയ റിട്ട് പെറ്റീഷനില്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. രാജേന്ദ്രന്‍ നായരുടേതെന്നു പോലീസ് പറയുന്ന ആത്യമഹത്യാക്കുറിപ്പിലെ കൈയക്ഷരം അദ്ദേഹത്തിന്റേതല്ല. താന്‍ റിമാന്‍ഡിലായി ദിവസങ്ങള്‍ കഴിഞ്ഞാണ് ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തുന്നത്. ഇത് ആസൂത്രിതമായി കെട്ടിച്ചമച്ച രേഖയാണെന്നും നിവദേനത്തില്‍ പറയുന്നു.





Leave a Reply