ലോറിയും ബസും നടുവിൽ നിശ്ചലമായി; ചുരത്തിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതം നിലച്ചതോടെ യാത്രക്കാരുടെ സഹനപരീക്ഷ കഠിനമായി. ഇന്നലെ രാവിലെ തന്നെ ചുരത്തിന്റെ വളവുകളിൽ വാഹനങ്ങൾ അകപ്പെട്ട് നീണ്ട നിരയായി. ഒൻപതാം വളവിനടുത്ത് ഒരു ലോറി അപ്രതീക്ഷിതമായി കേടായതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇതിന് പിന്നാലെ എട്ടാം വളവിന് മുകളിലായി ട്രാവലറും ടൂറിസ്റ്റ് ബസും തകരാറിലായതോടെ സ്ഥിതി കൂടുതൽ വഷളായി.
അടിവാരം മുതൽ ലക്കിടിവരെ വാഹനങ്ങളുടെ ഒഴുക്ക് നിശ്ചലമായി. ചുരം കയറാനും ഇറങ്ങാനും മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നതോടെ യാത്രക്കാർ കടുത്ത അസഹനത്തിലായി. അടിയന്തര യാത്രകൾ പോലും നീളുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.
ചുരത്തിലെ ആറാം, ഏഴാം, എട്ടാം വളവുകൾ വീതി കൂട്ടുന്നതിനായി മുറിച്ചിട്ടിരുന്ന മരങ്ങൾ നീക്കം ചെയ്യുന്നത് ഇന്നലെ താൽക്കാലികമായി നിർത്തിവച്ചത് ചെറിയ ആശ്വാസമായി. എന്നിരുന്നാലും, കൽപറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡുകളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ചുരത്തിൽ ഗതാഗതക്കുരുക്ക് ആവർത്തിക്കുമ്പോഴും കോഴിക്കോട് ജില്ലാ ഭരണകൂടം കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. സ്ഥിരം പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം യാത്രക്കാരും നാട്ടുകാരും വീണ്ടും ഉയർത്തിയിരിക്കുകയാണ്.





Leave a Reply