ഉണക്കാനിട്ട നെല്ല് വിഴുങ്ങി, പിന്നെയും കോപം തീരാതെ; പിണ്ടമിട്ടും മൂത്രമൊഴിച്ചും കാട്ടാനയുടെ അർദ്ധരാത്രി വിളയാട്ടം
പനമരം: കർഷകൻ്റെ അന്നത്തിനായി സൂക്ഷിച്ചിരുന്ന നെല്ല് തിന്നുതീർത്തതിൽ മാത്രം തൃപ്തിപ്പെടാതെ, പിണ്ടമിട്ടും മൂത്രമൊഴിച്ചും വിളവുകൾ പൂർണ്ണമായി നശിപ്പിച്ച കാട്ടാനയുടെ അക്രമം പനമരം നീർവാരം കല്ലുവയൽ പ്രദേശത്തെ നടുക്കി. പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാന, റെജിയുടെ വീട്ടുമുറ്റത്ത് ഉണക്കാനായി നിരത്തിയിട്ടിരുന്ന ക്വിന്റൽ കണക്കിന് നെല്ലാണ് അർദ്ധരാത്രിയിൽ തകർത്തത്.
കഴിഞ്ഞ രാത്രി രണ്ടുമണിയോടെ വീടിന്റെ ഒരു വശത്തെ ചുറ്റുമതിൽ ചാടിക്കടന്നെത്തിയ കാട്ടാന, മുൻവശത്തെ മുറ്റത്ത് പകൽ ഉണക്കാനിട്ട നെല്ല് വിഴുങ്ങുകയും ശേഷിച്ചത് വാരിയെറിഞ്ഞും ചവിട്ടിമെതിച്ചും പിണ്ടമിട്ടും മൂത്രമൊഴിച്ചും നശിപ്പിക്കുകയായിരുന്നു. ഇതോടെ ഏകദേശം 15 ക്വിന്റലോളം നെല്ല് പൂർണ്ണമായും നഷ്ടമായതായി വീട്ടുകാർ അറിയിച്ചു.
നെല്ലിനൊപ്പം വീടിനോട് ചേർന്നുള്ള തെങ്ങ്, കപ്പ എന്നിവ ഉൾപ്പെടെയുള്ള മറ്റ് കൃഷിവിളകളും കാട്ടാന വ്യാപകമായി നശിപ്പിച്ചു. സംഭവവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ, പഞ്ചായത്തംഗം സാബു നീർവാരത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലേറെ തടഞ്ഞുവെച്ചതോടെ പ്രദേശത്ത് ചെറിയ സംഘർഷാവസ്ഥയും രൂപപ്പെട്ടു. കാട്ടാന നശിപ്പിച്ച മുഴുവൻ നെല്ലിനും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന് പിന്നിൽ.
തു⊂ടർന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. നികേഷ് സ്ഥലത്തെത്തി നാട്ടുകാരുമായും ജനപ്രതിനിധികളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷം, കൃഷി വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകുമെന്നും, പ്രദേശത്ത് കൂടുതൽ വാച്ചർമാരെയും വനവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ച് രാത്രികാവൽ ശക്തമാക്കുമെന്നും രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് വനപാലകർ മടങ്ങിയത്.





Leave a Reply