January 16, 2026

കസേരയിൽ പ്രചോദനം, വാഹനത്തിലും നക്ഷത്രങ്ങളിലും കൗതുകം

0
IMG-20260111-WA0141(1)
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയുടെ കസേരയിൽ വിദ്യാർഥികൾ ഓരോരുത്തരായി മാറി മാറി നിവർന്നിരുന്നപ്പോൾ കുരുന്ന് കണ്ണുകളിൽ മിന്നിയ തിളക്കത്തിനും പുഞ്ചിരികൾക്കും കാരണം ഉയർച്ചയിലേക്കുളള പടവുകൾ താണ്ടാൻ ലഭിച്ച ഊർജമായിരിക്കാം. വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഗോത്ര വിദ്യാർത്ഥികൾക്കായി നടത്തിയ പഠന യാത്രയുടെ ഭാഗമായി ജില്ലാ പോലീസ് കാര്യാലയത്തിലെത്തിയ തിരുനെല്ലി എസ്.എ.യു.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് സ്വപ്ന സാക്ഷാത്കാരം. 33 കുട്ടികളോരോരുത്തരെയും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് തന്റെ കസേരയിലിരുത്തുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. നന്നായി പഠിച്ചു ഉയരങ്ങളിലെത്താനും നല്ല മനുഷ്യരായി വളരാനും അദ്ദേഹം അവരെ ആശംസിച്ചു. എസ്.പിയുടെ ഇന്നോവ വാഹനത്തിൽ കയറാനുള്ള കുട്ടികളുടെ ആഗ്രഹവും അദ്ദേഹം സാധിച്ചു കൊടുത്തു. പോലീസുകാരുടെ തോളിലെ നക്ഷത്രങ്ങളെ കുറിച്ചായിരുന്നു കുട്ടികളുടെ മറ്റൊരു സംശയം. അത് ഉദ്യോഗസ്ഥരുടെ റാങ്കുകളെയും അവർക്കുള്ള അധികാരവും ഉത്തരവാദിത്തവും സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം ലളിതമായ ഭാഷയിൽ വിശദീകരിച്ചു. എല്ലാ കുട്ടികൾക്കും മധുര വിതരണം നടത്തി കുട്ടികളിലൊരായി മാറിയ മേധാവിയെ അവർ ഒന്നടങ്കം ആശ്ലേഷിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *