മുള്ളൻകൊല്ലിയിലെ ക്വാറി പ്രവർത്തനം നിയന്ത്രിക്കണം; കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കോറികളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പുതിയ ക്വാറികൾക്ക് അനുമതി നൽകരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ 50 മീറ്റർ ചുറ്റളവിൽ കോറികൾ പ്രവർത്തിപ്പിക്കാമെന്ന സർക്കാർ നിബന്ധനയുടെ മറവിൽ, അനുവദനീയമായതിലും എത്രയോ മടങ്ങ് ശേഷിയുള്ള സ്ഫോടനങ്ങളാണ് നടക്കുന്നത്. ഇത് സമീപത്തെ വീടുകളിൽ വിള്ളൽ വീഴ്ത്തുന്നതിനും കൃഷിനാശത്തിനും കാരണമാകുന്നുണ്ട്. സ്ഫോടനത്തിൽ തെറിക്കുന്ന പാറക്കഷണങ്ങൾ വീടുകളുടെ മുറ്റത്ത് വരെ വന്നു വീഴുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ സ്ഫോടനശേഷി അളക്കാനുള്ള ഉപകരണം സ്ഥാപിക്കണമെന്നും നിയമം ലംഘിക്കുന്ന കോറികൾ അടച്ചുപൂട്ടണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. ക്വാറികളുടെ ദൂരപരിധി 200 മീറ്ററായി ഉയർത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മേഖലയിലെ മറ്റ് വികസന വിഷയങ്ങളിലും സമ്മേളനം നിലപാട് വ്യക്തമാക്കി. എല്ലാ വർഷവും വെള്ളം കയറുന്ന കൊളവള്ളിയിൽ ഹെലിപ്പാഡ് നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ച്, പ്രളയബാധയില്ലാത്ത സുരക്ഷിതമായ സ്ഥലത്തേക്ക് അത് മാറ്റണം. വിവാദമായ കടമാൻ തോട് പദ്ധതിക്ക് പകരം കടമാൻ തോട്, മണിപ്പുഴ, കന്നാരംപുഴ എന്നീ നീർച്ചാലുകളിൽ 0.3 ടി.എം.സി ജലം സംഭരിക്കാവുന്ന ചെറിയ ഡാമുകൾ നിർമ്മിക്കണമെന്നും പരിഷത്ത് നിർദ്ദേശിച്ചു. എല്ലാ വീടുകളെയും ഹരിത ഭവനങ്ങളാക്കി മാറ്റാനും വരാനിരിക്കുന്ന ക്വാണ്ടം സെഞ്ചറി എക്സിബിഷൻ വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
‘ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന പരിസ്ഥിതി കൺവീനർ പി. സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫിനെയും, 2025-ലെ മികച്ച യുവ കർഷക അവാർഡ് ജേതാവ് ജിൻസണെയും ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സുനിൽകുമാർ സംഘടനാ രേഖയും മേഖല സെക്രട്ടറി റെജി കെ.എം. പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിറിയക് മാസ്റ്റർ കണക്കും അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് ജോസഫ് സി.എം. അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി സി.എം. ജോസഫ് (പ്രസിഡന്റ്), ജമുന ജി. (വൈസ് പ്രസിഡന്റ്), കെ.എം. റെജി (സെക്രട്ടറി), സി. കൃഷ്ണൻകുട്ടി (ജോയിന്റ് സെക്രട്ടറി), ഒ.റ്റി. ശ്രീനിവാസൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. എം.എം. ടോമി, പി.യു. മർക്കോസ്, പി.സി. മാത്യൂ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. സണ്ണി ജോസഫ് സ്വാഗതവും കെ.എം. ജോയി നന്ദിയും രേഖപ്പെടുത്തി.





Leave a Reply