ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി
കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. അദാലത്തിൽ ലഭിച്ച പരാതികളിൽ
15 ദിവസത്തിനകം മറുപടി നൽക്കുമെന്ന് കളക്ടർ പറഞ്ഞു. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിനായി പൊഴുതന ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അദാലത്തില്‍ ജില്ലാ കളക്ടറും എ.ഡി.എം എം. ജെ അഗസ്റ്റിന്‍ എന്നിവർ പരാതികള്‍ സ്വീകരിച്ചു. അദാലത്തില്‍ 96 പരാതികളാണ് നേരിട്ട് ലഭിച്ചത്. തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.
പൊഴുതന ഗ്രാമപഞ്ചായത്തിലെ അപകടമേഖലയിൽ താമസിക്കുന്ന 34 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന പരാതിയിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദുരന്തനിവാരണ വിഭാഗത്തിന് ജില്ലാ
കളക്ടർ നിർദ്ദേശം നൽകി. സുഗന്ധഗിരി ഫാം ടൂറിസം പദ്ധതി, ഡാറ്റ ബാങ്ക് അപാകത പരിഹാരം,
വൈദ്യുതീകരണം, കുടിവെള്ളം, വന്യമൃഗശല്യം, അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റൽ, പുനരധിവാസം, കൈവശരേഖ, വീടിന്റെ സംരക്ഷണഭിത്തി, പുഴയുടെ സംരക്ഷണഭിത്തി, വീടും സ്ഥലവും ലഭ്യമാക്കൽ, പാലം നിർമ്മാണം, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റാനുളള അപേക്ഷ, പട്ടയ അപേക്ഷ, തെരുവ് വിളക്ക്, ഭൂനികുതി തുടങ്ങിയ നിരവധി പരാതികൾ അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. അദാലത്തിനോട് അനുബന്ധമായി മെഡിക്കല്‍ ക്യാമ്പ്,
അക്ഷയ സേവനങ്ങൾ എന്നിവ നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനിൽ, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. മനോജ് കുമാര്‍, എം.കെ ഇന്ദു, കെ. എസ് നസിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസര്‍ ജി.പ്രമോദ്, വൈത്തിരി താലൂക്ക് തഹസീൽദാർ ടി. ബി പ്രകാശ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രശാന്ത്, പൊഴുതന വില്ലേജ് ഓഫീസർ പി. അജിത, അച്ചൂരാനം വില്ലേജ് ഓഫീസർ വിൻസന്റ് തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.





Leave a Reply