മാനന്തവാടി സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ തിരുനാൾ ഫെബ്രുവരി ആറ് മുതൽ 15 വരെ
മാനന്തവാടി: സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ ഫെബ്രുവരി ആറ് മുതൽ 15 വരെ ആഘോഷപൂർവ്വം നടത്തുമെന്ന് ദേവാലയ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ആറിന് വൈകിട്ട് 4.45-ന് ഇടവക വികാരി ഫാ. സോണി വാഴകാട്ട് കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കും. കൊടിയേറ്റിന് ശേഷം എല്ലാ ദിവസങ്ങളിലും വൈകുന്നേരം അഞ്ച് മണി മുതൽ പ്രത്യേക തിരുനാൾ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന ദിവസമായ ഫെബ്രുവരി 12-ന് വൈകിട്ട് അഞ്ച് മണിക്ക് മാനന്തവാടി രൂപതാ ചാൻസിലർ ഫാദർ അനൂപ് കാളിയാനിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഇടവകക്കാർ നേതൃത്വം നൽകുന്ന ‘ഗ്രെയ്റ്റ് ബീറ്റ്സ്’ ഗാനമേളയും ടീം നസ്രായൻ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. 13-ന് ഫാ. ജയ്സ് പുതക്കുഴിയുടെ കാർമ്മികത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണവും 14-ന് മാനന്തവാടി ഫെറോന വൈദികരുടെ കാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാനയും നടക്കും. തുടർന്ന് എരുമത്തെരുവ് ചുറ്റി പള്ളിയിലേക്ക് വൈദ്യുത അലങ്കാര രഥത്തിൽ വിശുദ്ധരെ എഴുന്നള്ളിച്ചുള്ള നഗര പ്രദക്ഷിണവും ആകാശ വിസ്മയവും ഉണ്ടായിരിക്കും. സമാപന ദിവസമായ 15-ന് നടക്കുന്ന ആഘോഷപൂർവ്വമായ തിരുനാൾ കുർബാനയ്ക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിനും സ്നേഹവിരുന്നിനും ശേഷം പത്തുനാൾ നീണ്ടുനിൽക്കുന്ന തിരുനാളിന് കൊടിയിറങ്ങും. ഇടവക വികാരി ഫാ. സോണി വാഴകാട്ട്, ട്രസ്റ്റി സണ്ണി വണ്ടന്നൂർ, ഇടവക സെക്രട്ടറി റോജസ് മാർട്ടിൻ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ഐവാൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply