May 16, 2026

സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങളാണ് ഇന്നിന്റെ ആവശ്യം: കെ.സി.വൈ.എം. മാനന്തവാടി രൂപത കർമ്മപഥത്തിലേക്ക്

0
IMG-20260209-WA0018
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്ര: യുവജനങ്ങൾ സമുദായത്തിന്റെ ചാലകശക്തിയും കരുത്തുമാണെന്ന പ്രഖ്യാപനത്തോടെ, കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ 2026 പ്രവർത്തനവർഷത്തിന് തുടക്കമായി. പുതിയ പ്രവർത്തന വർഷത്തെ കർമ്മപദ്ധതികൾ ഉൾക്കൊള്ളുന്ന മാർഗ്ഗരേഖയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. സമുദായ ശക്തീകരണത്തിന് യുവത്വത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് വരും വർഷത്തിൽ രൂപത നടപ്പിലാക്കുന്നത്.

 

രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ കെ.എൽ.എം. രൂപത ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറമ്പിൽ ഉദ്ഘാടന കർമ്മവും പ്രവർത്തന മാർഗ്ഗരേഖയുടെ പ്രകാശനവും നിർവ്വഹിച്ചു. സമുദായത്തിന്റെ നെടുംതൂണുകളാകേണ്ട യുവജനങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

 

യുവജനങ്ങൾക്കായി സഭയിലും സമൂഹത്തിലും പുതിയ ഇടങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്ന ‘ഇടം’ പദ്ധതിയുടെ ലോഗോ പ്രകാശനം കുടിയേറ്റ സമുദായ പ്രതിനിധി ജോസഫ് ഏറത്തേൽ നിർവ്വഹിച്ചു. രൂപതയുടെ കാരുണ്യമുഖമായി മാറുന്ന പാലിയേറ്റീവ് കെയർ സഹായ പദ്ധതിയുടെ രൂപതല ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

 

രൂപത ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി. നീലഗിരി മേഖല ഡയറക്ടർ ഫാ. ജോർജ്കുട്ടി കണ്ണിപ്പള്ളി, മേഖല പ്രസിഡന്റ് ശ്രീ. ഡിയോൺ ഷൈജു പാലകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. യുവജനങ്ങൾക്കായി ‘സാമൂഹ്യ സുരക്ഷാ’ ബോധവൽക്കരണവും സംഘടിപ്പിച്ചു.

രൂപത ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര സ്വാഗതവും, സെക്രട്ടറി കുമാരി ദിവ്യ പാട്ടശ്ശേരിയിൽ നന്ദിയും രേഖപ്പെടുത്തി. രൂപതയിലെ വിവിധ മേഖലകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. രൂപതാ ഭാരവാഹികൾ സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *