കൂലിപണിയെടുത്ത് അമ്മയെ ചികിത്സിക്കുന്ന യുവാവിന് ആശ്രിത നിയമനം നൽകണം : മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: കൂലിപണിയെടുത്ത് അമ്മയെ ചികിത്സിക്കുന്ന യുവാവിന് അച്ഛൻ മരിച്ച ഒഴിവിൽ ആശ്രിതനിയമം നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഭാരതീയ ചികിത്സാവകുപ്പിൽ ജോലി ചെയ്യവേ 2017 മേയ് 17 ന് മരിച്ചയാളുടെ മകന് കാലതാമസം കൂടാതെ നിയമനം നൽകണമെന്നാണ് ഉത്തരവ്.
ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്കും പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വയനാട് നെൻമേനി സ്വദേശി എം. വി. അനൂപിന്റെ അപേക്ഷ പരിഗണിക്കാനാണ് നിർദ്ദേശം നൽകിയത്. അനൂപിന്റെ അമ്മ ടി. എൻ. ശോഭനകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. ഹൃദ്രോഗിയായ തന്റെ ചികിത്സയ്ക്ക് മകൻ കൂലിപണിയെടുത്താണ് പണം കണ്ടെത്തുന്നതെന്നും അമ്മ പരാതിയിൽ പറഞ്ഞു.
ഭാരതീയ ചികിത്സാ വകുപ്പിൽ നിയമനം ലഭിക്കാത്തതിനാൽ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ്, ജയിൽ വകുപ്പ് അസിസ്റ്റന്റ്, വേരിയസ് ഡിപ്പാർട്ട്മെന്റ് അറ്റൻഡർ തുടങ്ങിയ തസ്തികകളിൽ അനൂപിനെ പരിഗണിക്കാനുള്ള നടപടികൾ നടന്നു വരികയാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.





Leave a Reply