ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി എത്തിച്ചത് 38 ലിറ്റർ വിദേശമദ്യം; ഒരാൾ അറസ്റ്റിൽ
ബത്തേരി: ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശി കുപ്പാടി വില്ലേജിലെ റാത്തപ്പിള്ളിൽ വീട്ടിൽ എമിൽ അഗസ്റ്റിൻ (44) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കുപ്പാടി വില്ലേജിൽ സുൽത്താൻ ബത്തേരി -പുൽപ്പള്ളി റോഡിൽ അർമാട് വഴി കുപ്പാടിയിലേക്ക് പോകുന്ന റോഡിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സുൽത്താൻ ബത്തേരി നഗരസഭയിലെ ഒരു വീടിന്റെ പിൻവശത്തെ ചായ്പ്പിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.
സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി. നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ രഘു വി., രഘു എം.എ., സിവിൽ എക്സൈസ് ഓഫീസർ അനീഷ് ഇ.എസ്., വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യബായ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ. എന്നിവർ സംഘത്തിലുണ്ടായിരുന്നു.





Leave a Reply