പേരിയ റോഡും പുലിക്കാട്ട് കടവ് പാലവും നാളെ തുറന്ന് കൊടുക്കും
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കേരള ട്രാൻസ്പോർട്ട് പ്രൊജക്ടിന്റെ ഭാഗമായി റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വിമല നഗർ – വാളാട് – പേരിയ റോഡിന്റെയും വാളാട് പുലിക്കാട്ട് കടവ് പാലത്തിന്റെയും ഉദ്ഘാടനം നാളെ നടക്കും. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ 103 കോടി രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. 12.5 കോടി രൂപ ചിലവിൽ നിർമ്മിച്ച പുലിക്കാട്ട് കടവ് പാലത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വൈകുന്നേരം 4 മണിക്ക് പുലിക്കാട്ട് കടവ് പാലം പരിസരത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ എന്നിവർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംഘാടക സമിതി കൺവീനർ എൻ.ജെ ഷജിത്ത്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി.കെ ശശികുമാർ, ഗ്രാമ പഞ്ചായത്തംഗം എൻ.എം ആന്റണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply