May 7, 2026

കുരങ്ങുപനിക്കെതിരെ പ്രതിരോധ പദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു

0
IMG_20260221_110527
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും അഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കുരങ്ങു പനി പ്രധിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ പ്രവർത്തന പദ്ധതി രൂപകൽപന ചെയ്യുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു.

കൽപ്പറ്റ ഡി ആന്റ്   സി ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്‌ഥിരം സമിതി ചെയർപേഴ്സൺ ബുഷ്റ വൈശ്യൻ ഉദ്ഘാടനം ചെയ്തു.

ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറൽ ഹെമറാജിക് രോഗമാണ് കുരങ്ങ് പനി. ശാസ്ത്രീയമായി ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്ന് അറിയപ്പെടുന്ന ഈ രോഗം പ്രധാനമായും വനപ്രദേശങ്ങളിലും വനാതിർത്തികളിലുള്ളവരെയാണ് ബാധിക്കുന്നത്.

കുരങ്ങുകളെ, പ്രത്യേകിച്ച് ലാംഗൂറുകളെ ബാധിക്കുന്ന കുരങ്ങുപനി മനുഷ്യരിലേക്ക് പകരുമ്പോൾ പെട്ടെന്നുള്ള പനി, കടുത്ത തലവേദന, പേശിവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. വിറയൽ, തലകറക്കം, പ്രകാശഭീതി എന്നിവയും അനുഭവപ്പെടാം. രോഗം മൂർച്ഛിച്ചാൽ ഛർദ്ദി, വയറിളക്കം, മൂക്കും മോണയും വഴിയുള്ള രക്തസ്രാവം എന്നിവയും പ്രകടമാക്കാൻ സാധ്യതയുണ്ട്.

വൈറസ് ബാധിച്ച കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകൾ മനുഷ്യനെ കടിക്കുന്നതാണ് രോഗം പകരുന്നതിന് പ്രധാന കാരണം. കൂടാതെ രോഗ ബാധയുള്ള കുരങ്ങുകൾ, ചെറിയ സസ്തനികൾ, ചിലയിനം പക്ഷികൾ എന്നിവരുമായുള്ള സമ്പർക്കത്തിലൂടെയും രോഗ വ്യാപനം സംഭവിക്കാം. രോഗം ബാധിച്ച് ചത്ത കുരങ്ങിന്റെ ശരീരത്തിൽ നിന്ന് പുറത്തുവരുന്ന ചെള്ളുകൾ സമീപത്തുകൂടെ കടന്നുപോകുന്ന മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കാനും ഇടയുണ്ട്.

 

കുരങ്ങുപനി ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കാവുന്ന രോഗമായതിനാൽ ആദ്യഘട്ടത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പരിശോധന നടത്തി സ്ഥിരീകരിക്കുകയും അടിയന്തിര ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.

അസാധാരണമായി കുരങ്ങുകൾ മരണപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പ്, വനം വന്യജീവി വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. വനപ്രദേശവുമായി അടുത്തിടപഴകുന്നവർ ചെള്ള് കടിയൊഴുവാക്കുന്ന സംരക്ഷണ വസ്‌ത്രങ്ങളും ചെള്ള് പ്രതിരോധ ലേപനങ്ങളും ഉപയോഗിക്കുക. പനിയടക്കമുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടുക.

 

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സർവയ്ലൻസ് ഓഫീസർ ഡോ ആര്യ വിജയകുമാർ, നോർത്ത് വയനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ് രഞ്ജിത് കുമാർ,മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ പി.എം ജെയ്‌കോ,ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ.എം മുസ്‌തഫ, ടെക്നിക്കൽ അസിസ്റ്റൻ്റ് വി.സുന്ദരൻ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡ്, സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റൻ്റ് ഡയറക്ടർ ഡോ വി.ജയേഷ്, ജില്ലാ വെക്‌ടർ കണ്ട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് കെ.ബിന്ദു എന്നിവർ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *