May 7, 2026

മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത

0
IMG_20260221_115353
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:വനാവകാശ നിയമപ്രകാരം അവകാശപ്പെട്ട ഭൂമിക്ക് പട്ടയം അനുവദിക്കുന്നതില്‍ അധികാരികള്‍ക്ക് വിമുഖത. ഇതില്‍ പ്രതിഷേധിച്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ നിയമപ്രകാരം ലഭിക്കേണ്ട ഭൂമിയില്‍ കാര്‍ഷിക വൃത്തി തുടങ്ങുമെന്ന് വനാവാകാശ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഗോത്ര ജനത നീതിക്കായി നടത്തുന്ന പോരാട്ടത്തിൽ മന്ത്രി ഇടപെടുന്നില്ലന്നും ഇവർ പറഞ്ഞു.

തവിഞ്ഞാല്‍ പഞ്ചായത്തിലെ മേലേ തലപ്പുഴ വനാവകാശ കമ്മിറ്റിയുടേതാണ് കൃഷി ഇറക്കാനുള്ള തീരുമാനം.

തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല, കൈതക്കൊല്ലി പ്രദേശങ്ങളിലെ 140 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമിക്ക് അര്‍ഹതയുണ്ട്. കുറിച്യ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടതാണ് ഈ കുടുംബങ്ങള്‍. ഉദ്യോഗസ്ഥതലത്തിലെ അലംഭാവമാണ് അവകാശപ്പെട്ട ഭൂമി ലഭിക്കുന്നതിന്

 

മുഖ്യതടസമെന്ന് മേലേ തലപ്പുഴ വനാവകാശ കമ്മിറ്റി പ്രസിഡന്റ് സി. ചന്തു, സെക്രട്ടറി എം.കെ. ശശി, പി. ഭാസ്‌കരന്‍ എന്നിവര്‍ പറഞ്ഞു.

തവിഞ്ഞാല്‍ പഞ്ചായത്ത് സെക്രട്ടറി അടക്കം പങ്കെടുത്ത വനാവകാശ ഗ്രാമസഭ 2021 നവംബര്‍ 30ന് ചേര്‍ന്നിരുന്നു. ഗ്രാമസഭയില്‍ പങ്കെടുത്തതില്‍ അഞ്ച് സ്ത്രീകളെയും 10 പുരുഷന്‍മാരെയും ഉള്‍പ്പെടുത്തി എഫ്ആര്‍സി രൂപീകരിച്ചു. തുടര്‍ന്ന് 56 ക്ലെയിമുകള്‍ ഗ്രാമസഭ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി അംഗീകരിച്ചു. ഈ ക്ലെയിമുകള്‍ 2024 സെപ്റ്റംബര്‍ 28ന് സബ് ഡിവിഷണല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചു. മുഴുവന്‍ ക്ലെയിമുകളും 2025 ജൂണ്‍ ഒമ്പതിന് സബ് ഡിവിഷണല്‍ കമ്മിറ്റി പരിശോധിച്ച് തുടര്‍ നടപടികള്‍ക്ക് ജില്ലാതല കമ്മിറ്റിക്കു വിട്ടു. ഓഗസ്റ്റ് 14ന് ചേര്‍ന്ന ജില്ലാതല കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ഓരോ അപക്ഷയിലും പരിശോധന നടത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ക്ലെയിമുകള്‍ പരിഗണിക്കുന്നത് അടുത്ത ജില്ലാതല കമ്മിറ്റിയിലേക്ക് മാറ്റി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാതല കമ്മിറ്റി ചേര്‍ന്നില്ല. വനാവകാശ കമ്മിറ്റി കഴിഞ്ഞ ഒക്ടോബര്‍ 10നും ഫെബ്രുവരി അഞ്ചിനും നല്‍കിയ കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമപ്രകാരം അവകാശപ്പെട്ട ഭൂമിയില്‍ കാര്‍ഷിക വൃത്തികള്‍ നടത്താനുള്ള തീരുമാനം.

 

2006ലെ വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കേണ്ട ഭൂമികളില്‍ ഏറെയും വനം വകുപ്പ് കൈയടക്കിവച്ചിരിക്കയാണെന്ന് വനാവകാശ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *