മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുസ്‌ലിംലീഗിന്റെ സ്‌നേഹഭവനങ്ങൾ; താക്കോൽദാനം നിർവ്വഹിച്ചു
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരൽമല നിവാസികൾക്കായി മുസ്‌ലിംലീഗ് നിർമ്മിച്ചുനൽകുന്ന സ്‌നേഹഭവനങ്ങളുടെ താക്കോൽദാനം നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് കണ്ണീരോടെയും പ്രതീക്ഷയോടെയുമാണ് ഗുണഭോക്താക്കൾ വീടുകളുടെ രേഖകളും താക്കോലും ഏറ്റുവാങ്ങിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായ ചടങ്ങിൽ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് വാഗ്ദാനം ചെയ്ത 105 വീടുകളിൽ ആദ്യഘട്ടമായ 51 വീടുകളാണ് കൽപറ്റ ടൗണിൽനിന്ന് 8 കിലോമീറ്റർ പരിധിയിലുള്ള പ്രൊജക്ട് സൈറ്റിൽ കൈമാറിയത്.
പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫ് രൂപകൽപ്പന ചെയ്ത 1060 സ്ക്വയർഫീറ്റിലുള്ള വീടുകളിൽ മൂന്ന് ബെഡ്‌റൂമുകൾ, രണ്ട് ബാത്ത്‌റൂമുകൾ, കിച്ചൻ, വർക്ക് ഏരിയ, സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഏരിയ എന്നിവ ഉൾപ്പെടുന്നു. വീടുകൾക്കൊപ്പം കട്ടിൽ, ബെഡ്, സോഫ സെറ്റ്, ഡൈനിങ് ടേബിൾ തുടങ്ങിയ ഫർണിച്ചറുകളും മിക്സി, ഗ്രൈൻഡർ തുടങ്ങിയ ഗൃഹോപകരണങ്ങളും നൽകുന്നുണ്ട്. ബ്രിക് പാകിയ മുറ്റവും മുൻവശത്ത് ഏഴ് മീറ്റർ വീതിയിലുള്ള റോഡും ശുദ്ധജലത്തിനായി കൂറ്റൻ ടാങ്കും സജ്ജമാക്കിയിട്ടുണ്ട്. ഭാവിയിൽ മുകളിലേക്ക് വീട് ഉയർത്താൻ സാധിക്കുന്ന വിധത്തിലാണ് നിർമ്മാണം. പദ്ധതി പ്രദേശത്ത് താമസക്കാർക്കായി ആരാധനാലയങ്ങൾ, കമ്യൂണിറ്റി ഹാൾ, പാർക്ക് എന്നിവയും മുസ്‌ലിംലീഗ് ഒരുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം ആശംസിച്ച ചടങ്ങിൽ പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ് എം.എൽ.എ, അഡ്വ. ഹാരിസ് ബീരാൻ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു.





Leave a Reply