May 1, 2026

ആര് വാഴും, ആര് വീഴും? തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

0
WhatsApp Image 2026-04-06 at 7.20.20 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഒരു മാസത്തോളം നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനലാപ്പിലേക്ക്‌ കടക്കുമ്പോൾ ജില്ലയിൽ മികച്ച വിജയം ഉറപ്പിക്കുന്നതിനായുള്ള അവസാനവട്ട പരിശ്രമത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. ഉന്നതികളും, തോട്ടം മേഖലയുമുൾപ്പെടെ വയനാടിന്റെ സർവ്വമേഖലകളെയും സ്പർശിക്കുന്ന തരത്തിലായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെ സ്ഥാനാർത്ഥി പര്യടനങ്ങൾ. പ്രചരണത്തിന് കുറഞ്ഞ ദിവസങ്ങൾ മാത്രം ലഭിച്ചതിനാൽ രാവിലെ മുതൽ രാത്രി വരെ നീളുന്ന തരത്തിൽ ഓരോ നിമിഷവും വിലപ്പെട്ടതാക്കിയായിരുന്നു പര്യടനങ്ങൾ. നാളെ വെെകീട്ടോടെ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കും. 23 ദിവസത്തെ പ്രചരണത്തിനാണ് നാളെ കൊടിയിറങ്ങുന്നത്. വീറും വാശിയും നിറഞ്ഞ പോരിൽ ആർക്കാണ് മേൽക്കെ? ജനങ്ങൾ ആർക്കൊപ്പം എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം.

യുഡിഎഫിന് കരുത്തേകാൻ കലാശക്കൊട്ടിന് നിയുക്ത എം.പി പ്രിയങ്ക​ഗാന്ധി നാളെ വയനാട്ടിലെത്തും. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉൾ‍പ്പെടെ നിരവധി നേതാക്കൾ ഇതിനോടകം വയനാട്ടിലെത്തിയിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പർശിക്കുന്ന ഇന്ദിരാ ഗ്യാരണ്ടികൾ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്നും, യു ഡി എഫ് അധികാരത്തിലെത്തിയാൽ എല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നുമെെന്നാണ് യുഡിഎഫിന്റെ വാദം. സിറ്റിം​ഗ് മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടപ്പിലാക്കിയ പദ്ധതികൾ അക്കമിട്ടുപറഞ്ഞും ഇനിയുമേറെ ചെയ്യാനുണ്ടെന്നുമാണ് സ്ഥാനാർത്ഥികളുടെ വാദം. മൂന്ന് നിയോജക മണ്ഡലങ്ങളിൽ രണ്ടെന്നും യുഡിഎഫിനൊപ്പമാണ്. അത് നിലനിർത്താനും, മാനന്തവാടി മണ്ഡലം പിടിച്ചെടുക്കാനുമാണ് യുഡിഎഫിന്റെ ശ്രമം.

കഴിഞ്ഞ പത്ത് വർഷമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന നേട്ടങ്ങളാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരണായുധം. ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തുന്നതുൾപ്പെടെയുള്ളവ ഉൾപ്പെടുത്തിയായിരുന്നു എൽഡിഎഫിന്റെ പ്രകടന പത്രിക. മുണ്ടകെെ-ചൂരൽമല ദുരന്തബാധിതകർക്കായി നിർമ്മിച്ച് നൽകിയ ടൗൺഷിപ്പായിരുന്നു എൽഡിഎഫിന്റെ മറ്റൊരു പ്രചാരണായുധം. ദുരന്തബാധിതകർക്കായി പണപ്പിരിവ് നടത്തിയിട്ടും വീടുകൾവെച്ചു നൽകാതെ കബളിപ്പിച്ചതിനെയും പ്രചരണായുധമാക്കാൻ എൽഡിഎഫ് മറന്നില്ല. നിലവിൽ പട്ടികജാതി- പട്ടിക വർ​ഗ വകുപ്പ് മന്ത്രി ഒ ആർ കേളു മാത്രമാണ് വടനാട്ടിൽ നിന്നുള്ള എൽഡിഎഫിന്റെ ഏക എംഎൽഎ. അതിനാൽ കൂടുതൽ സീറ്റുകൾ നേടി മികച്ച വിജയം കെെവരിക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്.

യുഡിഎഫും ബിജെപിയും മാറി മാറി ഭരിച്ചിട്ടും വയനാട് നേരിടുന്ന വികസന മുരടിപ്പാണ് എൻഡിഎ മുന്നോട്ട് വെക്കുന്നത്. കാട്ടാന ശല്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്നും നിരന്തരം ഫണ്ട് വന്നിട്ടും കേരള സർക്കാർ വേണ്ടവിധത്തിൽ നടപടിയെടുക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹെ ഉൾപ്പെടെ പ്രമുഖരെ നിരത്തിയായിരുന്നു എൻഡിഎയുടെ പ്രചരണം.

പ്രമുഖ നേതാക്കളുടെ സന്ദർശനം മുന്നണികളുടെ തിരഞ്ഞെടുപ്പ് ഗോദയിൽ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. പരസ്യ പ്രചരണം നാളെ അവസാനിക്കുന്നതിനാൽ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. എപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങളെ ഇനി ആര് നയിക്കണമെന്ന് ജനങ്ങൾ വിധിയെഴുതും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *