ജനം വിധിയെഴുതി തുടങ്ങി; വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും വോട്ടർമാരുടെ നീണ്ട നിര
കൽപ്പറ്റ: അടുത്ത കേരളം ആര് ഭരിക്കണമെന്നുള്ള വിധിയെഴുതുകയാണ് കേരള ജനത. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ ആരംഭിച്ചു. രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും. വൈകീട്ട് ആറുമണി വരെയാണ് പോളിങ്.
നിലവിൽ കേരളത്തിൽ 4.40 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. വയനാട് ജില്ലയിൽ ഇതുവരെ 16.44 ശതമാനത്തോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കൽപ്പറ്റയിൽ 16.38, സുൽത്താൻബത്തേരി – 16.18, മാനന്തവാടിയിൽ 16.76 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം. വോട്ടർമാരുടെ നീണ്ട നിരയാണ് ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും ദൃശ്യമാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ, സുരേഷ് ഗോപി ഉൾപ്പെടെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥികളായ പ്രശാന്ത് മലവയൽ നെന്മേനി കുന്താണി എൽപി സ്കൂളിൽ ബൂത്ത് നമ്പർ 230 ലും, എ. എസ്. കവിത ബത്തേരി സെന്റ് മേരിസ് കോളേജ് ബൂത്ത് നമ്പർ 142ലും വോട്ട് രേഖപ്പെടുത്തി.
വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു.
വയനാട്ടിലെ പല ബൂത്തുകളിലും വോട്ടിംഗ് മെഷിൻ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് വെെകിയിരുന്നു. വെള്ളമുണ്ടയിലെ വാരാമ്പറ്റ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന 173 -ാം നമ്പർ ബൂത്തിലും ചെറുകര ലൈബ്രറിയിൽ പ്രവർത്തിക്കുന്ന 180 -ാം നമ്പർ ബൂത്തിലും തരുവണ 191-ാം നമ്പർ ബൂത്തിലുമാണ് വോട്ടിങ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാർ മൂലം വോട്ടെടുപ്പ് വെെകിയത്. സാങ്കേതിക തകരാർ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചു. നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂറിലധികം വൈകി രാവിലെ 8.20-നാണ് തരുണയിൽ വോട്ടിങ് നടപടികൾ തുടങ്ങാനായത്. രാവിലെ ആറ് മണി മുതൽ വോട്ട് രേഖപ്പെടുത്താനായി എത്തിയവർ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിലവിൽ വോട്ട് ചെയ്യുന്നത്. വോട്ടിങ് പുനരാരംഭിച്ചെങ്കിലും ബൂത്തിൽ ഇപ്പോഴും വോട്ടർമാരുടെ വലിയ ക്യൂ അനുഭവപ്പെടുന്നുണ്ട്.
ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സെെറ്റിൽ രേഖപ്പെടുത്തിയ വിവരങ്ങളാണ് മുകളിൽ ചേർത്തിരിക്കുന്ന വോട്ടിംഗ് ശതമാനം.





Leave a Reply