വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി; പരിഹരിക്കാമെന്ന് ഊരാളുങ്കൽ
കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി. ഫെയ്സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് പരാതി. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. നിലവിൽ രണ്ടു വീടുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ പ്രതികരിച്ചു. മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ പറയുന്നു.
ചൂരല്‍മല സ്വദേശി നൗഫലിന്‍റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോർച്ച രൂപപ്പെട്ടത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ കൂടി വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. രണ്ടിടത്തും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അരുണ്‍ ബാബു പറഞ്ഞു.
അതേസമയം ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന പരാതിക്ക് പിന്നാലെ റവന്യൂ മന്ത്രി കെ. രാജന്‍ സ്ഥലം സന്ദർശിച്ചിരുന്നു. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനുശേഷം വിവാദങ്ങളില്‍ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്നും കെ രാജന്‍ പറഞ്ഞു.





Leave a Reply