വയനാട് – താമരശ്ശേരി ചുരം : ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കൽപ്പറ്റ: വയനാട് – താമരശ്ശേരി ചുരത്തിലെ ഗതാഗത പ്രശ്‌നം അടിയന്തരമായി പരിഹരിക്കാൻ സംസ്ഥാന സർക്കാരും, ജില്ലാ ഭരണകൂടവും സ്വത്വര നടപടികൾ സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മിറ്റി. വയനാട് – താമരശ്ശേരി ചുരം റോഡ് ഉൾപ്പെടെ ജില്ലയുമായി ബന്ധിപ്പിക്കുന്ന അഞ്ച് റോഡുകളും പൂർണ്ണമായും വയനാടിനോട് കൂട്ടിച്ചേർക്കണം. നിലവിൽ നാലു റോഡുകളുടെയും ഉടമസ്ഥാവകാശം കോഴിക്കോട്, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകൾക്കാണ്. ഈ റോഡുകൾ വയനാട് ജില്ലയോട് കൂട്ടിച്ചേർത്താൽ മാത്രമേ പ്രശ്‌നത്തിനു ശ്വാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ.
നിലവിൽ 40 മീറ്റർ വീതിയുള്ള NH-766 ഏറ്റെടുത്ത് അടിയന്തരമായി പുനർ നിർമ്മാണം ആരം ഭിക്കണം. ചുരം ഗതാഗത പ്രശ്നത്തിനു ഏക പരിഹാരം വയനാട് തുരങ്ക പാത മാത്രമാണ് എന്ന തെറ്റായ ബോധം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. തുരങ്ക പാത പൂർത്തിയാവുന്നത് വരെ ഈ ദുരന്തം ജനങ്ങൾ സഹിക്കണമെന്നാണോ ഭരണകൂടത്തിന്റെ താത്പര്യം. നൂറു കണക്കിന് ടോറസ് വാഹനങ്ങളാണ് വലിയ ഭാരവും കയറ്റി ചുരം കയറി വരുന്നത്. ഇവ ഉണ്ടാക്കുന്ന ഗതാഗത പ്രശ്നം മണിക്കൂറുകളോളം ജനങ്ങളെ ചുരം റോഡിൽ തളച്ചിടുകയാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ ജനങ്ങൾ വാഹനങ്ങൾക്കുള്ളിൽ വീർപ്പു മുട്ടുകയാണ്. ഇതൊന്നും ഗൗനിക്കാൻ പോലും ഭരണകൂടങ്ങൾ തയ്യാറാവുന്നില്ല.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചുരം റോഡിൽ വലിയ ടോറസ് വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക തന്നെ വേണം.വയനാട്- താമരശ്ശേരി ചുരത്തിലെ ഗതാഗത പ്രശ്നം പരിമിതമായ തോതിലെങ്കിലും പരിഹരിക്കാൻ 24 മണിക്കൂറും പോലീസ് സാന്നിധ്യം ഉറപ്പു വരുത്തുകയും അതിന്റെ നിർവ്വഹണ ചുമതല വയനാട് ജില്ലാ ഭരണകൂടത്തെ എൽപ്പിക്കുകയും ചെയ്യണം. ഈ വിഷയങ്ങളിൽ ജില്ലയുടെ എം. പി യും, എം എൽ എ മാരും അടിയന്തരമായി ഇടപ്പെട്ട് പ്രശ്ന പരിഹാരം കണ്ടെത്തണം. ഈ ആവശ്യങ്ങൾ നേടിയെടുക്കാനും ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും 20 അംഗ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി.
ഭാരവാഹികൾ : ചെയർമാൻ : അഡ്വ. വി പി എൽദോ, കൺവീനർ : വർഗീസ് വട്ടേക്കാട്ടിൽ, ജോയിന്റ് കൺവീനർ : പി പത്മരാജ്. എൻ. ബാദുഷ, വി പി വിജയൻ, വി രാംജിത്, എൻ സലിം കുമാർ, കെ ഐ ഏലിയാസ്, കെ. വി അഷ്‌റഫ്, കെ. വി. പ്രകാശ്, തോമസ് അമ്പലവയൽ, സി. ഷൈജൽ, കെ. കൃഷ്ണൻ കുട്ടി, പി . ജെ മോഹൻദാസ്, ഗോകുൽദാസ് എന്നിവർ സംസാരിച്ചു.





Leave a Reply