മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ കോംപ്ലക്സ്: വ്യാപാരികളുടെ ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ
മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ നഗരസഭ നടത്തുന്ന നീക്കത്തിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമുള്ള ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. നിലവിൽ അവിടെ കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട ആശങ്കകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് പുനരധിവാസം എങ്ങനെ ഉറപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ഉയരുന്ന പ്രധാന പരാതി. ഉപജീവന സുരക്ഷ ഉറപ്പാക്കാതെ മുന്നോട്ടുപോകുന്ന ഏതൊരു പദ്ധതിയും അംഗീകരിക്കാനാവില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.
അതേസമയം, പുതുതായി നിർമിക്കുന്ന ബസ് ബേയിൽ വെറും 6 ബസുകൾക്ക് മാത്രമേ ഒരേസമയം പാർക്ക് ചെയ്യാനാകൂ എന്ന വിവരം ഗൗരവകരമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന ബസുകൾക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ എന്താണ് എന്നത് നഗരസഭ വ്യക്തമാക്കേണ്ടതുണ്ടെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുപകരം കൂടുതൽ കുരുക്ക് സൃഷ്ടിക്കുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നത് ഒഴിവാക്കണം. വിപുലമായ പാർക്കിംഗ് സംവിധാനവും മതിയായ ബസ് ബേ സൗകര്യങ്ങളും ഉൾപ്പെടുത്തിയ സമഗ്ര പദ്ധതി രൂപീകരിക്കണമെന്നും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് വ്യാപാരികളുമായും പൊതുജനങ്ങളുമായും തുറന്ന ചർച്ച നടത്തി പ്രായോഗികവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ഓർഗനൈസിംഗ് സെക്രട്ടറി സകരിയ്യ കെ. എസ്,മണ്ഡലം കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ഖദീജ, സുമയ്യ,പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply