കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 2.70 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് ന്റെ നേതൃത്വത്തിൽ വനിത വികസന കോർപ്പറേഷനുമായി സഹകരിച്ച് അയൽക്കൂട്ടങ്ങൾക്ക് സംരംഭ വികസന വായ്പ വിതരണം ചെയ്തു. സിഡിഎസിൻ്റെ കീഴിൽ വരുന്ന 33 അയൽക്കൂട്ടങ്ങൾക്കായി 2.70 കോടി രൂപയാണ് വിതരണം ചെയ്തത്. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വായ്പ ലഭ്യമാക്കുന്നത്. ജില്ലയിലെ വിവിധ സിഡിഎസുകളിൽ നടപ്പിലാക്കി വരുന്ന ഈ പദ്ധതിയിലൂടെ 7 ശതമാനം പലിശനിരക്കിലാണ് വായ്പ നൽകുന്നത്. അയൽക്കൂട്ട അംഗങ്ങൾക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിനും അതിലൂടെ സ്ത്രീ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനുമാണ് മുൻഗണന നൽകുന്നത്.
ബത്തേരി സിഡിഎസ് ചെയർപേഴ്സൺ രാജലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, വൈസ് ചെയർപേഴ്സൺ ഇന്ദ്രജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ, അസിസ്റ്റൻ്റ് മിഷൻ കോർഡിനേറ്റർ സലീന കെ.എം, ജില്ലാ പ്രോഗ്രാം മാനേജർമാരായ സുഹൈൽ പി.കെ, ഹുദൈഫ് പി, ശ്രുതി രാജൻ, സുകന്യ ഐസക്ക്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply