നടന്‍ സന്തോഷ് കെ. നായര്‍ വാഹനാപകടത്തില്‍ അന്തരിച്ചു
പത്തനംതിട്ട: ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെയാണ് പത്തനംതിട്ട ഏനാത്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
1982 മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന സന്തോഷ് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. റെയിൻ ഡാൻസ്, കാര്യസ്‌ഥൻ, ടൈഗർ, തിരുവമ്പാടിത്തമ്പാൻ, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായ മോഹിനിയാട്ടം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.
ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയായിരുന്ന ഇദ്ദേഹം സീരിയലുകളിലും സജീവമായിരുന്നു.
2014ശേഷം സിനിമകളിൽ സജീവമായിരുന്നില്ലെങ്കിലും മോഹിനിയാട്ടം എന്ന ചിത്രത്തിന് ശേഷം കൂടുതൽ സിനിമകളിൽ സജീവമാകാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ആക്ഷൻ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നടന്റെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.





Leave a Reply