ടൗണ്‍ഷിപ്പിലെ മണ്ണൊലിപ്പ്: സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കി ടി സിദ്ദിഖ് എം എല്‍ എ
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയെ തുടര്‍ന്ന് മണ്ണൊലിപ്പുണ്ടായ പ്രദേശങ്ങളില്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍ എ സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയോടെ ടൗണ്‍ഷിപ്പിലെത്തിയ എം എല്‍ എ മണ്ണൊലിച്ചിറങ്ങിയ വീടും സമീപപ്രദേശങ്ങളും നോക്കികണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് ജില്ലാകലക്ടറുമായി സംസാരിക്കുകയും, സ്‌പെഷ്യല്‍ ഓഫീസര്‍, കിഫ്‌കോണ്‍ ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ സൊസൈറ്റിഅധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, പതിനഞ്ച് ദിവസത്തിനുള്ളില്‍ സമയബന്ധിതമായി പ്രശ്‌നപരിഹാരം കാണണമെന്നും അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കനത്തമഴയെ തുടര്‍ന്ന് മണ്ണ് ഒലിച്ചിറങ്ങിയ ഈ വിഷയം വളരെ ഗൗരവമാണെന്നും, നിലവിലുള്ള ഡ്രൈനേജില്‍ മണ്ണ് വന്നടിഞ്ഞാണ് പ്രശ്‌നമുണ്ടായതെന്നും, മണ്ണ് നീക്കം ചെയ്ത് ഡ്രൈനേജ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായും പിന്നീട് എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വെള്ളം മുഴുവനായി ഡ്രൈനേജിലേക്ക് എത്തിക്കാനുള്ള നടപടിയുണ്ടാവണം. നിലവില്‍ താല്‍ക്കാലികമായ നടപടി അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും, മഴക്ക് മുന്നോടിയായി പൂര്‍ണമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നടപടിയുണ്ടാവണമെന്നും അതിന് ഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഷിപ്പില്‍ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതിന്റെ പ്രശ്‌നമുണ്ടായിട്ടുണ്ട്. അതുകൊണ്ട് മണ്ണ് സുരക്ഷിതമായ സ്ഥലത്ത് സംഭരിച്ച് സംരക്ഷിക്കാനാവശ്യമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുന്‍സിപ്പല്‍ സെക്രട്ടറിയും, കൗണ്‍സിലറും നേരത്തെ കത്ത് നല്‍കിയിരുന്നു. നേരത്തെ ഇവിടെയെത്തിയപ്പോള്‍ താനുള്‍പ്പെടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. അത് ശ്രദ്ധിക്കാതെ വന്നതാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണം. വളരെ പെട്ടന്ന് തന്നെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ വരാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. ഏതോക്കെ സ്ഥലത്ത്, എന്തൊക്കെ ചെയ്യണമെന്ന് പ്രത്യേകം ഷെഡ്യൂള്‍ ഉണ്ടാക്കി സമയബന്ധിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഷെമീര്‍ ഒടുവില്‍, ഗിരീഷ് കല്‍പ്പറ്റ എന്നിവരും എം എല്‍ എക്കൊപ്പമുണ്ടായിരുന്നു.





Leave a Reply