തദ്ദേശ വകുപ്പിലെ ഡ്രൈവർ നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം വയനാട്ടിൽ മൊഴിയെടുത്തു
കമ്പളക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 621/2024) നിയമനങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തിരുവനന്തപുരത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉദ്യോഗാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു. ബുധനാഴ്ച രാവിലെ കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ഹിയറിംഗ്. ഐ.ജി. അജിതാ ബീഗം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐ. മുനീർ, എസ്.ഐ. രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൂജ് എന്നിവരാണ് പരാതിക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.
പി.എസ്.സി. വഴിയുള്ള നിയമനം അകാരണമായി തടഞ്ഞുവെച്ചതിനും വെബ്സൈറ്റിൽ നിന്ന് ഒഴിവുകൾ പിൻവലിച്ചതിനും എതിരെ വയനാട്ടിലെ ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. വയനാട്, ഇടുക്കി ജില്ലകളിലെ ഒഴിവുകളാണ് പ്രധാനമായും തടഞ്ഞുവെച്ചിട്ടുള്ളത്. വിവരാവകാശ രേഖകൾ പ്രകാരം വകുപ്പിൽ നിലവിൽ 2500-ഓളം താൽക്കാലിക ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. 2022-ലെ ചില സർക്കാർ തീരുമാനങ്ങളുടെ മറവിൽ, പുതിയ തസ്തികകൾ സൃഷ്ടിച്ചും വീണ്ടും വിജ്ഞാപനം ഇറക്കിയും ഈ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം.
വിവിധ തസ്തികകളിലായി നിലവിൽ നൂറിലധികം കാറ്റഗറികളിൽ നിന്നായി പി.എസ്.സി.ക്കെതിരെ സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മൊഴിയെടുക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ തന്നെ അന്തിമ കരട് റിപ്പോർട്ട് തയ്യാറാക്കും. ഇതിന് അംഗീകാരം ലഭിച്ച ശേഷം തുടർനടപടികൾക്കായി അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് റാങ്ക് ഹോൾഡേഴ്സ് കമ്മിറ്റി ഭാരവാഹികളായ അൻസാർ, വിനേഷ് എന്നിവർ ആവശ്യപ്പെട്ടു. ഡ്രൈവർ റാങ്ക് ഹോൾഡേഴ്സിനോടുള്ള സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഓൾ കേരള ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്ന് ശനിയാഴ്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.





Leave a Reply