എം.പി. വീരേന്ദ്രകുമാറിന്‍റെ ഓർമ്മകളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 24-ന്
കല്പറ്റ: എഴുത്തുകാരനും വാഗ്മിയും സോഷ്യലിസ്റ്റുമായ എം.പി. വീരേന്ദ്രകുമാറിന്‍റെ ഓർമ്മകളിൽ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി കല്പറ്റയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആരോഗ്യരംഗത്തെ അതികായരായ ആശുപത്രികളാണ് മേയ് 24-ന് നടക്കുന്ന മെഗാ മെഡിക്കിൽ ക്യാമ്പിന്റെ ഭാഗമായി വയനാട്ടിലെത്തുക. ഏറ്റവും അർഹതപ്പെട്ടവർക്കായി സൗജന്യ ചികിത്സയൊരുക്കുകയെന്ന ലക്ഷ്യത്തോടെ എം.പി. വീരേന്ദ്രകുമാർ സ്മാരക ട്രസ്റ്റാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് കോഴിക്കോട് മേയ്ത്ര ആശുപത്രി, കോംട്രസ്റ്റ് കണ്ണാശുപത്രി, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവർ ക്യാമ്പിന്റെ ഭാഗമാകും. 24-ന് രാവിലെ ഒൻപത് മണി മുതൽ കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളിലായിരിക്കും ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്ന 500 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുമെന്ന് കോംട്രസ്റ്റ് കണ്ണാശുപത്രിയധികൃതർ അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ വഴിയായിരിക്കും ക്യാമ്പിൽ പ്രവേശനം. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി വ്യാഴാഴ്ച കല്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസിൽ സ്വാഗതസംഘം യോഗം ചേർന്നു. സൗജന്യ ചികിത്സാസഹായം അർഹിക്കുന്നവർക്ക് ക്യാമ്പിൽ പ്രാമുഖ്യം നൽകുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാവണമെന്ന് സ്വാഗതസംഘം യോഗം ആവശ്യപ്പെട്ടു. ആശാവർക്കർമാർ, എസ്.ടി. പ്രൊമോട്ടർമാർ, തദ്ദേശജനപ്രതിനിധികൾ തുടങ്ങിയവർ മുഖേന സൗജന്യ ചികിത്സയ്ക്കും മരുന്നുവിതരണത്തിലും ശസ്ത്രക്രിയയ്ക്കുമായി ഏറ്റവും അർഹതയുള്ളവരെ കണ്ടെത്തി ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ക്യാമ്പിൽ ചുരുങ്ങിയത് 1500 പേർക്കെങ്കിലും സൗജന്യ ചികിത്സ ലഭ്യമാക്കും. ക്യാമ്പിന്റെ നടത്തിപ്പിനായി സ്വാഗതസംഘവും നിശ്ചയിച്ചു.
യോഗത്തിൽ കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, നഗരസഭാ കൗൺസിലർമാരായ എ.ആർ. ബിനി, കെ. ഹരിത, സി.പി.എം. ജില്ലാസെക്രട്ടറി കെ. റഫീഖ്, ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ഡി. രാജൻ, നജീബ് കാരാടൻ, ടി.വി. രവീന്ദ്രൻ, എ.പി. ഹമീദ്, കെ. സുഗതൻ, കെ.എസ്. ബാബു, എ.പി. വാസുദേവൻ, കെ.എ. സ്കറിയ, എൻ.ആർ.എച്ച്.എം. ജില്ലാ പി.ആർ.ഒ. പി.എസ്. സിജോ, ജെ.സി. ഡോക്യുമെന്റേഷൻ കെ.എസ്. നിജിൽ, ഗായത്രി ശ്രേയാംസ് കുമാർ, റിഷബ് ശ്രേയാംസ്കുമാർ തുടങ്ങിയവർ സംസാരിച്ചു. നിയുക്ത എം.എൽ.എ. ടി. സിദ്ദിഖ്, കെ. റഫീഖ്, അഡ്വ. ടി.ജെ. ഐസക്, വിജയൻ ചെറുകര, ഡി. രാജൻ, പ്രശാന്ത് മലവയൽ, ഡോ. സമീഹ സെയ്തലവി തുടങ്ങിയവരാണ് സ്വാഗതസംഘത്തിന്‍റെ രക്ഷാധികാരികൾ.
സ്വാഗതസംഘം സമിതി ഭാരവാഹികൾ: , നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ (ചെയർമാൻ), എ.പി. ഹമീദ്, കെ. സുഗതൻ, ഗിരീഷ് കല്പറ്റ, ടി. മണി, എൻ.ഒ. ദേവസി, സജേഷ്, കെ. ഹരിത (വൈസ് ചെയർമാൻ), കെ.കെ. ഹംസ (കൺവീനർ), എ.ആർ. ബിനി, നജീബ് കാരാടൻ, എ.പി. വാസുദേവൻ, കെ.എസ്. സ്കറിയ, എൻ. വിവേകാനനന്ദൻ (ജോ. കൺവീനർ), ഗായത്രി ശ്രേയാംസ്കുമാർ (ട്രഷറർ).
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9847238020 എന്ന നമ്പറിൽ രാവിലെ ഒൻപതു മണി മുതൽ ആറു മണി വരെ വിളിക്കുക.





Leave a Reply