July 5, 2026

കാര്യമ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം; കുർബാന മുടക്കി പള്ളി പൂട്ടി പുറത്ത് പ്രാർത്ഥന നടത്തി

0
IMG_20260705_173851
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി ഭദ്രാസനത്തിന് കീഴിലുള്ള കാര്യമ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം. പള്ളിയുടെ വരുമാനത്തിനായി തുടങ്ങിയ കണ്ണാശുപത്രി സ്വകാര്യ സ്വത്താക്കി മാറ്റാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഇടവകാംഗങ്ങൾ ഒന്നടങ്കം ഞായറാഴ്ച കുർബാന നടത്താതെ പള്ളി പൂട്ടി പുറത്ത് പ്രാർത്ഥന നടത്തി പ്രതിഷേധിച്ചത്. കോവിഡ് കാലത്ത് പോലും ഒരു ദിവസം എങ്കിലും കുർബാന മുടങ്ങാത്ത പള്ളിയിലാണ് ഇപ്പോൾ വിശ്വാസികൾക്ക് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നിരിക്കുന്നത്.

 

പള്ളി വിട്ടുനൽകിയ 56 സെന്റ് സ്ഥലവും കെട്ടിടങ്ങളും ഉപയോഗിച്ച് തുടങ്ങിയ കാര്യമ്പാടി കണ്ണാശുപത്രിയെ, അന്നത്തെ വികാരിയും ആശുപത്രി സെക്രട്ടറിയുമായിരുന്ന എടേക്കാട്ട് അച്ചന്റെ നേതൃത്വത്തിൽ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പള്ളിയെ ദ്രോഹിക്കുന്ന ഈ നിലപാടിനെതിരെ ഇടവകാംഗങ്ങൾ ഒറ്റക്കെട്ടായി സഭാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നാളിതുവരെ പരിഹാരം കാണാത്തതിനെ തുടർന്നാണ് പൊതുയോഗം ചേർന്ന് പള്ളി പൂട്ടാൻ തീരുമാനിച്ചത്. കണ്ണാശുപത്രിയുടെ കാര്യത്തിൽ ശാശ്വത പരിഹാരം കാണുന്നത് വരെ പള്ളിയിൽ കുർബാന അടക്കമുള്ള ചടങ്ങുകൾ നിർത്തിവെക്കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ വികാരി അച്ചന് പ്രവേശിക്കാൻ പറ്റാത്ത രീതിയിൽ പള്ളി പൂട്ടുകയും വിശ്വാസികൾ പുറത്തിരുന്ന് പ്രാർത്ഥിക്കുകയുമായിരുന്നു.

 

ആശുപത്രി സെക്രട്ടറി എന്ന നിലയിൽ എടേക്കാട്ട് അച്ചൻ നാൽപ്പതിനായിരം രൂപ വീതം ഓരോ മാസവും എഴുതിയെടുക്കുന്നുണ്ടെന്നും, ഇത് നാലഞ്ചു പേരുടെ കൂട്ടുകച്ചവടം പോലെ സ്വകാര്യ സ്വത്താക്കി മാറ്റിയിരിക്കുകയാണെന്നും വിശ്വാസികൾ ആരോപിക്കുന്നു. 40 വർഷമായി പള്ളിയും കണ്ണാശുപത്രിയും ഉപയോഗിക്കുന്ന കുടിവെള്ള കണക്ഷൻ ഒരു വൈദികൻ കട്ട് ചെയ്തു എന്ന് പറയുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. 85 വയസ്സായ എടേക്കാട്ട് അച്ചന് ശേഷം അദ്ദേഹത്തിന്റെ മകനെ ആശുപത്രി സെക്രട്ടറിയാക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും, അതിന് ആളുകൾ സമ്മതിക്കുന്നില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. സഭയിൽ നിന്നും ഇപ്പോഴും പെൻഷൻ അടക്കം വാങ്ങുന്ന അദ്ദേഹം ഒരു അച്ചന്റെ രീതിയിലല്ല പെരുമാറുന്നത്. പള്ളിയോട് നീതി കാണിക്കണമെന്നും സഭാ നേതൃത്വം ഇതിൽ ഇടപെടണമെന്നുമാണ് ഇടവകയുടെ ഒരേയൊരു ആവശ്യം. ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കണ്ണാശുപത്രിയുടെ റോഡിൽ വെച്ച് പ്രാർത്ഥന നടത്തി പ്രതിഷേധിക്കാനാണ് വിശ്വാസികളുടെ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *