June 3, 2026

ക്യാമ്പസിൽ വസന്തമൊരുക്കാൻ സർവജനയിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ; ‘ഫ്ലവർ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കമായി

0
WhatsApp Image 2026-06-03 at 7.39.20 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനം തന്നെ വേറിട്ടൊരു പരിസ്ഥിതി സൗഹൃദ പ്രവർത്തനവുമായി സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) വളണ്ടിയർമാർ. വിദ്യാലയ മുറ്റത്ത് ഇരുനൂറോളം സൂര്യകാന്തി ചെടികൾ നട്ടുകൊണ്ട് ‘ഫ്ലവർ ക്യാമ്പസ്’ പദ്ധതിക്ക് വിദ്യാർത്ഥികൾ തുടക്കം കുറിച്ചു.

കഴിഞ്ഞ നാല് വർഷമായി സ്കൂളിൽ വിജയകരമായി നടപ്പിലാക്കി വരുന്ന ഗ്രീൻ ക്യാമ്പസ്, ഫ്രൂട്ട് ക്യാമ്പസ്, ഫ്ലവർ ക്യാമ്പസ് പദ്ധതികളുടെ ഭാഗമായാണ് ഈ വർഷത്തെ സൂര്യകാന്തി തോട്ടം നിർമ്മാണം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്കായി ചെടിച്ചട്ടികളും തടങ്ങളും ഒരുക്കിയത്.

പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷിഫാനത്ത് വി.കെ നിർവ്വഹിച്ചു. സ്കൂൾ ക്യാമ്പസുകളെ ഹരിതാഭമാക്കാൻ എൻ.എസ്.എസ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാനീയമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
പി.ടി.എ പ്രസിഡന്റ് ശ്രീജൻ ടി.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ, എച്ച്.എം ബിജി വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ സുനിത ഇല്ലത്ത്, സുനിൽ കുമാർ വി.കെ, നസീറ എം, സതീഷ് ബാബു, സ്മിതാ ദിനേശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയത്തിലേക്ക് എത്തിയ നവാഗതരെ വരവേൽക്കുന്നതിനൊപ്പം ക്യാമ്പസിന് ഒരു പുത്തൻ ഉണർവ്വ് നൽകാനും എൻ.എസ്.എസ് വളണ്ടിയർമാരുടെ ഈ സൂര്യകാന്തി വസന്തത്തിന് സാധിച്ചു. പരിസ്ഥിതി സംരക്ഷണവും കൃഷിയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും കൂടുതൽ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *