വിഴിഞ്ഞത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് വയനാട് സ്വദേശിയായ യുവാവിനെ കാണാതായി
വിഴിഞ്ഞം: വിഴിഞ്ഞത്ത് സുഹൃത്തുക്കൾക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ ശക്തമായ തിരയടിച്ച് കടലിൽ വീണ വയനാട് സ്വദേശിയായ യുവാവിനെ കാണാതായി. വയനാട് പയ്യമ്പിള്ളി ആറാട്ടുതറ നന്ദനം വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ സെൽവരാജിന്റെയും അജിതയുടെയും മകൻ എ.എസ്. ശ്രീജിത്തിനെയാണ് (28) കാണാതായത്. ഒപ്പമുണ്ടായിരുന്ന വിജയ് എന്ന യുവാവും തിരയിൽപ്പെട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നേമം വിദ്യാധിരാജ ഹോമിയോ കോളജിൽ പഠനം പൂർത്തിയാക്കിയ ശേഷം എം.ഡിക്ക് പഠിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീജിത്ത്. അഭിജിത്താണ് ഏക സഹോദരൻ.
ശ്രീജിത്തും വിജയും ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് ബൊള്ളാർഡിന് താഴെയുള്ള പാറപ്പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്തത്. ഈ സമയത്തുണ്ടായ ശക്തമായ തിര ഇവർ നിന്നിരുന്ന പാറയിലേക്ക് അടിച്ചുകയറിയപ്പോൾ നിലതെറ്റി ശ്രീജിത്തും വിജയും അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരിൽ മൂന്നുപേർ ഓടി രക്ഷപ്പെട്ടപ്പോൾ, വിജയ് പാറയിൽ പിടിച്ചുകിടന്ന ശേഷമാണ് രക്ഷപ്പെട്ടത്. സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരായ ചിപ്പി തൊഴിലാളികളും ബൊള്ളാർഡിന് സമീപം പിക്കറ്റിലുണ്ടായിരുന്ന കോസ്റ്റൽ പോലീസും ഉടൻ തന്നെ കടലിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് മുങ്ങൽ വിദഗ്ധരായ ചിപ്പി തൊഴിലാളികളെ വിളിച്ച് തിരച്ചിൽ നടത്തി. വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പലും, വിഴിഞ്ഞം കോസ്റ്റൽ പോലീസ് എസ്.ഐ. എസ്. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ബോട്ടും ഉപയോഗിച്ച് കടലിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്.





Leave a Reply