വയനാട് കാഞ്ഞിരത്തിനാൽ ഭൂസമരം: സുപ്രീം കോടതി ഇടപെടലിൽ നീതിപ്രതീക്ഷയോടെ കുടുംബം
കൽപ്പറ്റ: വയനാട് കളക്ടറേറ്റിന് മുന്നിൽ ഒരു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ അനിശ്ചിതകാല ഭൂസമരത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. കുടുംബത്തിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വയനാട്ടിലെ മാധ്യമപ്രവർത്തകനായ ജോസ് കുര്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ച ഹർജി പ്രത്യേക കേസായി പരിഗണിച്ചാണ് കോടതിയുടെ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സെൽ തുടർനടപടികൾ ആരംഭിച്ചത്. 2025 ജൂലൈയിലാണ് ഈ ഹർജി പ്രത്യേക കേസായി സുപ്രീം കോടതി രജിസ്റ്റർ ചെയ്തത്.
വില കൊടുത്തു വാങ്ങിയ തങ്ങളുടെ 12 ഏക്കറോളം വരുന്ന ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിരെ 2015 ഓഗസ്റ്റ് 15 മുതലാണ് വയനാട് കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം ആരംഭിച്ചത്. സ്വന്തം ഭൂമിയുടെ അവകാശത്തിനായി നാല് പതിറ്റാണ്ടിലധികം നീണ്ട കഠിനമായ നിയമപോരാട്ടങ്ങൾ നടത്തിയ കർഷകൻ കാഞ്ഞിരത്തിനാൽ ജോർജ്, ഒടുവിൽ കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായതോടെ മാനസികമായി തകരുകയും സ്വന്തം കൃഷിയിടം നഷ്ടപ്പെട്ട ദുഃഖത്തിൽ 2012 ഡിസംബറിൽ ഒരു അനാഥാലയത്തിൽ വെച്ച് മരണപ്പെടുകയുമായിരുന്നു. ജോർജിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൾ ട്രീസയുടെ ഭർത്താവായ കെ.കെ. ജെയിംസാണ് നിലവിൽ ഈ അതിജീവന പോരാട്ടത്തിന് നേതൃത്വം നൽകി സമരപ്പന്തലിൽ തുടരുന്നത്. കഴിഞ്ഞ ദിവസം സമരപ്പന്തൽ സന്ദർശിച്ച മന്ത്രി ടി. സിദ്ദിഖ്, ഈ വിഷയം നിലവിൽ സംസ്ഥാന മന്ത്രിസഭയുടെ അജണ്ടയിലുണ്ടെന്നും അടിയന്തരമായി പരിഗണിക്കുമെന്നും സമരരംഗത്തുള്ള ജെയിംസിനെ അറിയിച്ചിരുന്നു.
കാഞ്ഞിരത്തിനാൽ കുടുംബത്തിന് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളും നീതിനിഷേധവും വിശദമായി പരിശോധിക്കാൻ സുപ്രീം കോടതി പി.ഐ.എൽ ബ്രാഞ്ച് കേരള സംസ്ഥാന നിയമസഹായ അതോറിറ്റിയുടെ (കെൽസ) സഹായം തേടിയിരിക്കുകയാണ്. വനംവകുപ്പ് ഈ കുടുംബത്തെ കുടിയിറക്കി ഭൂമി നിയമവിരുദ്ധമായി കൈയേറിയെന്ന ആരോപണവും, തുടർന്ന് നീതിക്കായി കോടതികളെ സമീപിക്കുന്നതിൽ നിന്ന് കുടുംബത്തെ തടഞ്ഞ സാഹചര്യങ്ങളുമാണ് കെൽസ നിലവിൽ അന്വേഷിക്കുന്നത്.
സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇക്കഴിഞ്ഞ ജനുവരിയിൽ വയനാട് ജില്ലാ നിയമസഹായ അതോറിറ്റി ജഡ്ജി ഹർജിക്കാരൻ സമർപ്പിച്ച രേഖകൾ നേരിട്ട് പരിശോധിച്ചിരുന്നു. പ്രമുഖ മാധ്യമങ്ങളിൽ വന്ന വാർത്താ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് ഡി.എൽ.എസ്.എ വിലയിരുത്തിയത്. ഇതോടൊപ്പം ഹർജിക്കാരൻ ജോസ് കുര്യൻ, സമരത്തിന് നേതൃത്വം നൽകുന്ന കാഞ്ഞിരത്തിനാൽ ജോർജിന്റെ മരുമകൻ കെ. കെ. ജെയിംസ് എന്നിവരുടെ മൊഴികളും അന്ന് രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായി കഴിഞ്ഞ മാർച്ച് 30-ന് എറണാകുളം ഹൈക്കോടതി സമുച്ചയത്തിൽ വെച്ച് കെൽസ മെമ്പർ സെക്രട്ടറി പ്രത്യേക സിറ്റിംഗ് നടത്തുകയും, നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ചും നീതിനിഷേധത്തെക്കുറിച്ചും വിശദമായ വ്യക്തത തേടുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ കെൽസ തങ്ങളുടെ സമഗ്രമായ റിപ്പോർട്ട് സുപ്രീം കോടതിയുടെ പി.ഐ.എൽ സെല്ലിന് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ വീണ്ടും സജീവമായി കൊണ്ടുവരുന്നതിനുള്ള നിയമപരമായ സാധ്യതകളാണ് ഇപ്പോൾ പരിശോധിച്ചുവരുന്നത്. നീണ്ട വർഷങ്ങളുടെ തെരുവുസമരത്തിനൊടുവിൽ പരമോന്നത കോടതിയുടെ നേരിട്ടുള്ള ഈ ഇടപെടലും ക്യാബിനറ്റ് തലത്തിലുള്ള ഉറപ്പും തങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് സമരരംഗത്തുള്ള കെ.കെ. ജെയിംസും കുടുംബവും.





Leave a Reply