കട്ടാനാ ആക്രമണം: മാധ്യമപ്രവര്‍ത്തകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍നിന്നു മാധ്യമപ്രവര്‍ത്തകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമൃത ന്യൂസ് വയനാട് ലേഖകന്‍ രതീഷ് കുഞ്ചത്തൂരാണ് കഴിഞ്ഞരാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ആനയുടെ മുമ്പില്‍പ്പെട്ടത്.ചുണ്ടേല്‍-ഒലിവുമല റോഡിലെ ചുണ്ടവയല്‍ അയനിമട്ടം ഭാഗത്താണ് സംഭവം. വഴിയരികില്‍ നിന്ന ആന സ്‌കൂട്ടറിനുനേരേ പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ടയുടന്‍ രതീഷ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് സമീപത്തെ വീട്ടില്‍ ഓടിക്കയറിയതാണ് രക്ഷയായത്. ആന പിന്നീട് അടുത്തുള്ള തേയിത്തോട്ടത്തിലേക്ക് പിന്‍വാങ്ങി.
സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍പ്പെട്ട പ്രദേശമാണ് ചുണ്ടവയല്‍. കുറച്ചുകാലമായി ഇവിടെയും സമീപങ്ങളിലും കാട്ടാന സാന്നിധ്യമുണ്ട്. കാട്ടാന പ്രതിരോധത്തിന് പ്രദേശത്ത് ജനപങ്കാളിത്തത്തോടെ നിര്‍മിച്ച വേലി തകര്‍ന്നുകിടക്കുകയാണ്. ഇത് രണ്ടാം തവണയാണ് രതീഷ് ആനയുടെ മുമ്പില്‍പ്പെടുന്നത്. മാസങ്ങള്‍ മുമ്പ് വീടിനടുത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. അന്ന് സഞ്ചരിച്ച സ്‌കൂട്ടര്‍ ആന ഭാഗികമായി തകര്‍ത്തതായി രതീഷ് പറഞ്ഞു. തകര്‍ന്ന വേലി അടിയന്തരമായി നന്നാക്കി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് തടയണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.





Leave a Reply