മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൽപ്പറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ പ്രതികൾ വിചാരണ നേരിടാൻ തക്കതായ തെളിവുകളും കുറ്റങ്ങളും നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷ് ഹർജി തള്ളിയത്.
നേരത്തെ, ഇതേ ആവശ്യമുന്നയിച്ച് പ്രതികൾ നൽകിയ ഹർജി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വനം വകുപ്പിന്റെ കൃത്യമായ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് നിയമവിരുദ്ധമായി മുറിച്ച തടികൾ അമ്പലമേട് സ്റ്റേഷൻ പരിധിയിലുള്ള വ്യാപാരിക്ക് വിൽപ്പന നടത്താൻ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തത്.
മരങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഫോം 3 പാസ് ആവശ്യമില്ലെന്നും അതിനാൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ വനം വകുപ്പ് അന്വേഷണത്തിൽ പ്രതികൾക്ക് തടികൾ കടത്താനോ വിൽക്കാനോ നിയമപരമായ അവകാശമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, പ്രാഥമികമായി വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. അമ്പലമേടിൽ വിൽപ്പന നടത്തിയ മരങ്ങൾ പിന്നീട് വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.





Leave a Reply