August 16, 2026

വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനത്തിൻ്റെ തുടക്കം: ഡോ. പി.ജെ. ജയിംസ്

0
IMG_20260816_101350
By ന്യൂസ് വയനാട് ബ്യൂറോ

വടകര: വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനത്തിൻ്റെ തുടക്കമാണെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി ഡോ. പി.ജെ. ജയിംസ് പറഞ്ഞു. എൺപതാം സ്വാതന്ത്ര്യദിനത്തിൻ്റെ ഔപചാരിക ആഘോഷങ്ങൾ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ ബഹുസ്വര ജനാധിപത്യ സാംസ്കാരിക ജീവിതാടിത്തറയെ തകർക്കുന്ന വന്ദേമാതരം പോലുള്ള ഗാനങ്ങൾ ദേശീയ ഗാനത്തിന് സമാനമായി സ്ഥാപിച്ചെടുക്കുന്ന പ്രവർത്തനമാണ് ഫാസിസ്റ്റ് മോദി സർക്കാർ നടത്തുന്നതെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സമ്മേളനം വടകര ടൗൺഹാളിൽ (കൃഷ്ണപിള്ള നഗർ) ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.

 

മുപ്പതുകളിൽ തന്നെ വന്ദേമാതരം അതിൻ്റെ ആദ്യ രണ്ടു വരികൾ മാത്രമേ ആലപിക്കേണ്ടതുള്ളൂ എന്ന് മഹാത്മ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറും അടക്കമുള്ളവർ പറഞ്ഞിട്ടുള്ളതാണെന്നും, അത്തരമൊരു ചരിത്രത്തെ ഇല്ലാതാക്കി ആർ.എസ്.എസ് അതിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതിരോധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്വാഗതസംഘം ചെയർപേഴ്സൺ പിള്ളേരിക്കണ്ടി ഭാസ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കെ. ബാബുരാജ് സ്വാഗതം പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം കബീർ കട്‌ലാട്ട്, സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ, ബിജി ലാലിച്ചൻ, പി.എൻ. പ്രൊവിൻ്റ്, എം.കെ. ദാസൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *