August 21, 2026

ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

0
IMG_20260821_181257
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച ധന സഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത ബാധിതരുടെ പുനരധിവാസ ​ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള നഷ്ടപരിഹാരം നൽകൽ, വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിതർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള എല്ലാ പിന്തുണയും സർക്കാറും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകി വരികയാണ്. ഉപ ജീവനത്തിനായുള്ളമൈക്രോ പ്ലാനുകൾ നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനുശേഷമാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് ഉപജീവന മാർഗമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഡോപ്ളർ റഡാർ ഡിസംബറോടെ പ്രവർത്തന സജ്ജമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.

 

ജില്ലയിൽ കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന ദുരന്തങ്ങൾ ഫലപ്രദമായി തടയാനുള്ള മാസ്റ്റർ പ്ലാനുമായി ജില്ലാഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജാസർ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അം​ഗം സി ശിഹാബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, എ.ഡി.എം.സി കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജ‌ർ പി ഹുദൈഫ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *