September 17, 2026

അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

0
IMG_20260917_092254
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിലെ വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ പരിശോധനയ്ക്കിടെയാണ് വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരം കണ്ടെത്തിയത്. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് വെച്ചായിരുന്നു ആന്റോയെ കസ്റ്റഡിയിലെടുത്തത്. മഹസർ വായിച്ചുകേൾപ്പിച്ച ശേഷവും എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിച്ചാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്ന് നിലപാടെടുത്ത ആന്റോയ്ക്ക് പകർപ്പ് കൈമാറിയ ശേഷമാണ് എക്സൈസ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ സംഘം ആന്റോയുമായി വയനാട്ടിലേക്ക് തിരിക്കും.

 

കേരളത്തിൽ ഒരാൾക്ക് നിയമപരമായി കൈവശംവെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ പരിധി മൂന്ന് ലിറ്ററാണെന്നിരിക്കെയാണ് വയനാട്ടിലെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശനിർമിത മദ്യം, 4.824 ലിറ്റർ വിദേശ വൈൻ, 5.5 ലിറ്റർ കേരള വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി ലിക്കർ, വീട്ടിൽ നിർമിച്ച വൈനെന്ന് കരുതുന്ന 12.750 ലിറ്റർ പദാർഥം എന്നിവയാണ് എക്സൈസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്. അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം കൈവശംവെച്ചതിനാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച എക്സൈസ്, മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *