‘കൈയ്യോട് കൈ’ ശുചീകരണ ക്യാമ്പയിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് പ്രിയങ്ക ഗാന്ധി
വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കൈയ്യോട് കൈ’ സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിൻ പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. സമഗ്ര ശുചീകരണ പരിപാടിയുടെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ലക്കിടിയിൽ തുടക്കമായത്.
പൊതുഇടങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ലക്കിടി കവാടത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഡോളി ജോസ്, ഷാജി കുന്നത്ത്, പഞ്ചായത്ത് സെക്രട്ടറി സോബിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സിനി ജോജി, ഷൈനി ദേവസി, രഞ്ജിത കെ.ആർ., രജനി രവീന്ദ്രൻ, സി.ഡി.എസ്. ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.
ഓറിയന്റൽ കോളേജിലെ വിദ്യാർഥികൾ, ഹരിതകർമസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. ‘ശുചിത്വത്തിനായി കൈകോർക്കാം’ എന്ന സന്ദേശവുമായി ലക്കിടി കവാടം മുതൽ ലക്കിടി എൽ.പി. സ്കൂൾ വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എൽസി ജോർജ് സ്വാഗതവും ആർ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.





Leave a Reply