വരൾച്ചയ്ക്കെതിരെ അടിയന്തിര നടപടി വേണമെന്ന് എൻജിഒ സെമിനാറിൽ ആവശ്യം; ‘വയനാട് റൂറൽ ട്രാൻസ്ഫർമേഷൻ അലയൻസ്’ രൂപീകരിച്ചു
കല്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ജില്ലയിലുണ്ടാകുന്ന വരൾച്ചയെ പ്രതിരോധിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എൻജിഒകളുടെ സംയുക്ത പ്ലാറ്റ്ഫോം ആവശ്യപ്പെട്ടു. നബാർഡിന്റെ (NABARD) സഹകരണത്തോടെ സ്റ്റെർക്ക് (STERC) സംഘടിപ്പിച്ച ഏകദിന സെമിനാറിലാണ് ഈ ആവശ്യം ഉയർന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുപ്പതോളം സന്നദ്ധ സംഘടനകളെ (NGO) കോർത്തിണക്കിക്കൊണ്ട് ‘വയനാട് റൂറൽ ട്രാൻസ്ഫർമേഷൻ അലയൻസ്’ എന്ന പൊതുവേദിക്ക് തുടക്കം കുറിച്ചു.
സെമിനാർ ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട് ചീഫ് ജി.ബാലഗോപാൽ റിട്ട ഐഎഎസ് ഉദ്ഘാടനം ചെയ്തു. സ്റ്റെർക്ക് ചെയർപേഴ്സൺ പ്രൊഫ. കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജർ വിനീഷ് ബാബു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്നു നടന്ന ബിസിനസ് സെഷനിൽ നബാർഡ് ഡി.ഡി.എം ആർ. ആനന്ദ് നബാർഡിന്റെ ഗ്രാമീണ വികസന പദ്ധതികളെക്കുറിച്ചും, ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രൊജക്ട് തലവൻ ജി. ബാലഗോപാൽ ഐ.എ.എസ് (റിട്ട.) കാലാവസ്ഥാ സൗഹൃദ കൃഷിയെക്കുറിച്ചും വിഷയാവതരണം നടത്തി. ‘കാലാവസ്ഥാ സൗഹൃദ കൃഷിയിൽ കൃത്രിമബുദ്ധിയുടെ (AI) ഉപയോഗം’ എന്ന വിഷയത്തിൽ അമ്പലവയൽ ആർഎആർഎസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീറാം വിഷ്ണു സംസാരിച്ചു.
തുടർന്ന് നടന്ന തുറന്ന ചർച്ചയ്ക്കു ശേഷം ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്റ്റെർക്ക് വൈസ് ചെയർപേഴ്സൺ പി.ആർ. മധുസൂദനൻ സ്വാഗതവും സ്റ്റെർക്ക് സി.ഇ.ഒ എം.എം. ടോമി നന്ദിയും പറഞ്ഞു.





Leave a Reply