കാർ തല്ലിത്തകർത്തു, പുഴയിലൂടെ നീന്തി രക്ഷപ്പെടാൻ ശ്രമം; മീനങ്ങാടി ഹൈവേ കവർച്ചാ കേസിൽ 2 പേർ പിടിയിലായി
കൽപ്പറ്റ: കണ്ണിൽ മുളക് സ്‌പ്രേ തളിച്ച് വഴിയിൽ തടഞ്ഞുനിർത്തി കാറും പണവും കവർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി മൂത്തേടത്ത് താഴെ കുനിയിൽ രഞ്ജിത്ത് എം.കെ. (32), മട്ടന്നൂർ ഉറവച്ചാൽ സ്വദേശി സൗരവ് സുനിൽ (26) എന്നിവരാണ് പിടിയിലായത്. കൊടുവള്ളി സ്വദേശിയായ ജാഫറിന് നേരെ മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപത്തു വച്ചായിരുന്നു വൈകിട്ട് ആറുമണിയോടെ ആക്രമണമുണ്ടായത്. കർണാടകയിലെ ബേഗൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് മടങ്ങുകയായിരുന്ന ജാഫറിനെ രണ്ട് വാഹനങ്ങളിലായെത്തിയ പത്തംഗ ആയുധധാരികളായ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ജാഫറിന്റെ ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.
അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ സംഘത്തെ കണ്ടെത്താൻ പോലീസ് ജില്ലാ അതിർത്തി കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. കൊട്ടിയൂർ നീണ്ടുനോക്കി ഭാഗത്ത് വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറുകൾ തടഞ്ഞെങ്കിലും സംഘത്തിലെ പലരും ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ, നീണ്ടുനോക്കി ബാവലി പുഴയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച സൗരവിനെയും സമീപപ്രദേശത്തുണ്ടായിരുന്ന രഞ്ജിത്തിനെയും കയ്യോടെ പിടികൂടുകയായിരുന്നു. തട്ടിയെടുത്ത ഇന്നോവ കാർ കേളകത്തു നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്താനായി. സീറ്റുകൾ കുത്തിപ്പൊളിച്ച് ചില്ലുകൾ തകർത്ത നിലയിലായിരുന്നു വാഹനം. കുറ്റകൃത്യത്തിന് പ്രതികൾ ഉപയോഗിച്ച കാറുകളിൽ വ്യാജ നമ്പർ പ്ലേറ്റുകളായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി ഡിവൈഎസ്‌പി എം.എം. അബ്‌ദുൽ കരീം, മീനങ്ങാടി സി.ഐ. ബിജു ആൻ്റണി, എസ്.ഐ. സന്തോഷ്, കേളകം എസ്.ഐ. വർഗീസ് എന്നിവരടങ്ങുന്ന അന്വേഷണസംഘം കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.പ്രതികളിൽ കർണാടക സ്വദേശികൾ ഉൾപ്പെട്ടിട്ടുള്ളതയാണ് സൂചന.





Leave a Reply