October 30, 2026

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും: മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ

0
IMG-20261006-WA0151
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ (എൻ.എം.സി) അംഗീകാരത്തോടെ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന വയനാട് ഗവ. മെഡിക്കൽ കോളേജിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലക്ഷക്കണക്കിന് സാധാരണക്കാരുടേയും ആദിവാസി സഹോദരങ്ങളുടേയും അഭയകേന്ദ്രമായ മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് കൽപ്പറ്റയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യങ്ങളെ തള്ളിക്കളയണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

 

2021 ഫെബ്രുവരി 12 ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലായി ഉയർത്തിയത്. എൻ.എം.സിയുടെ കർശന പരിശോധനകൾക്ക് ശേഷം 2025 സെപ്റ്റംബർ 2-ന് 50 വിദ്യാർത്ഥികൾക്കുള്ള എം.ബി.ബി.എസ് കോഴ്സിന് ലെറ്റർ ഓഫ് പെർമിഷൻ ലഭിക്കുകയും, നിലവിൽ രണ്ടാമത്തെ ബാച്ചിനുള്ള അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ അക്കാഡമിക് അടിസ്ഥാന സൗകര്യങ്ങൾ, ഫംഗ്ഷണൽ ബെഡ് സ്‌ട്രെംഗ്ത്, നിർദ്ദിഷ്ട ലൊക്കേഷൻ, ടീച്ചിങ് ഹോസ്പിറ്റൽ സൗകര്യങ്ങൾ, ഭൂമി എന്നിവയെ മാത്രം അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം ലഭിച്ചത്. എൻ.എം.സി മാനദണ്ഡപ്രകാരം 50 സീറ്റുകൾക്ക് 220 കിടക്കകളുള്ള ടീച്ചിങ് ആശുപത്രി ആവശ്യമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ 382 മുതൽ 477 വരെ കിടക്ക സൗകര്യമുള്ളപ്പോൾ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ ഔദ്യോഗിക വിവരങ്ങൾ പ്രകാരം 124 കിടക്കകൾ മാത്രമേയുള്ളൂ. പുതുക്കിയ യു.ജി-എം.എസ്.ആർ ഗൈഡ്‌ലൈൻ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളും അവിടെയില്ല.

 

ഈ സാഹചര്യത്തിൽ ഒരു സർക്കാർ ഉത്തരവിലൂടെ മാത്രം മെഡിക്കൽ കോളേജ് കൽപ്പറ്റയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ അത് എൻ.എം.സിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാവുകയും നിലവിലുള്ള അംഗീകാരം തന്നെ റദ്ദാക്കപ്പെടുകയും ചെയ്യുന്ന സാങ്കേതികവും നിയമപരവുമായ വലിയ പ്രതിസന്ധികൾക്ക് കാരണമാകും. 2023-ലെ എൻ.എം.സി ഗൈഡ്‌ലൈൻ പ്രകാരം ഭൂവിസ്തൃതിയല്ല, മറിച്ച് കെട്ടിടം, ആശുപത്രി, ലാബുകൾ, ലൈബ്രറി, ഹോസ്റ്റലുകൾ എന്നിവയ്ക്ക് ആവശ്യമായ ബിൽഡ്-അപ്പ് ഏരിയയാണ് പ്രധാനം. അടുത്ത എൻ.എം.സി പരിശോധനയ്ക്ക് മുമ്പായി തുടർ വികസനത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തി നിർമ്മാണം ആരംഭിക്കാൻ മാനന്തവാടി എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. 2020 ഡിസംബർ 18-ലെ ഹൈക്കോടതി വിധിയും (W.P(C) No.28328/2020(S)) വയനാട്ടിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ ഏറ്റവും യോഗ്യത മാനന്തവാടിക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ സങ്കീർണ്ണതകൾ മനസ്സിലാക്കി മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്നും കൽപ്പറ്റയ്ക്ക് അത്യാധുനിക സൗകര്യങ്ങളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ അനുവദിക്കണമെന്നും മുഖ്യമന്ത്രിയോടും ആരോഗ്യവകുപ്പ് മന്ത്രിയോടും ആവശ്യപ്പെടുന്നതായി ഭാരവാഹികളായ പ്രസിഡന്റ് അഡ്വ. ഷെബിൻ ജോർജ്, സെക്രട്ടറി റഷീദ് നിലാമ്പരി, വൈസ് പ്രസിഡന്റുമാരായ ടി.എ. ഐസക്, ബേബി കാരക്കുനി, അഡ്വ. റഷീദ് പടയൻ, ഉസ്മാൻ പി. കോക്കടവ് എന്നിവർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *