October 8, 2026

സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി

0
WhatsApp Image 2026-10-08 at 8.31.33 PM
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന ഫോക്കസ് 2030 വികസന കോൺക്ലേവിന് ബത്തേരിയിൽ തുടക്കമായി. 2030 വരെയുള്ള നാലര വർഷത്തിലധികം നീണ്ടുനിൽക്കുന്ന വികസന പദ്ധതികൾ അവലോകനം ചെയ്യുക എന്നതാണ് കോൺക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്.

നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ കൂടിയാണ് ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ, ഫോക്കസ് 2030 വികസന കോൺക്ലേവ് നടത്തുന്നത്. ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ നടക്കുന്ന കോൺക്ലേവ് കൃഷിമന്ത്രി അഡ്വ: ടി. സിദ്ദീഖ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ കഴിഞ്ഞ 15 വർഷമായി വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഐസി ബാലകൃഷ്ണൻ എംഎൽഎ നടത്തുന്ന ഫോക്കസ് 2030 വികസന കോൺക്ലേവിന് പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സർക്കാറിന്റെ നൂറ് ദിന പദ്ധതിയുടെ ഭാഗമായി ഇടുക്കിയിൽ ആയതിനാലാണ് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ജില്ലയുടെയും ബത്തേരി നിയോജകമണ്ഡലത്തിന്റെയും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും എംഎൽഎയോടൊപ്പം കൂടെയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി. ബത്തേരി നിയോജകമണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ചെയർപേഴ്‌സൺ, കൗൺസിലർമാർ എന്നിവരും, ജില്ലാ പഞ്ചായത്തിന്റെ വിവിധ സാരഥികളും, രാഷ്ട്രീയപാർട്ടി നേതാക്കളും വിവിധ സെഷനുകൾ ആയിരുന്നാണ് അഭിപ്രായങ്ങൾ സ്വരൂപിച്ചുകൊണ്ട് തങ്ങളുടെ പഞ്ചായത്തുകളിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങൾ തയ്യാറാക്കിയത്.

യു ഡി എഫിലെ മുതിർന്ന നേതാക്കളായ ഡി സി സി പ്രസിഡന്റ് അഡ്വ: ടി ജെ ഐസക്, കെ എൽ പൗലോസ്, ഡി പി രാജശേഖരൻ, ടി മുഹമ്മദ്, കെ ഇ വിനയൻ, അബ്ദുള്ള മാടക്കര, കെ കെ വിശ്വനാഥൻ മാസ്റ്റർ, ഉമ്മർ കുണ്ടാട്ടിൽ, പി പി അയ്യൂബ്, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ, എന്നീ നേതാക്കൾക്ക് പുറമേ റെവന്യൂ, വനം, കൃഷി, ആരോഗ്യവകുപ്പ് അധികൃതരും കോൺക്ലേവിന്റെ ഒന്നാം സെഷനിൽ പങ്കെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം നടന്ന ഓപ്പൺ ഫോറത്തിൽ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന നിരവധി പേരാണ് വികസനങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടാനായി എത്തിയത്. വിവിധ സെഷനുകളിലായി 300 ലധികം പ്രതിനിധികൾ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന സര്ൃക്കാരുകളുടെ സഹകരണത്തോടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസന പദ്ധതികൾ ബഹുജന പങ്കാളിത്തത്തോടെ തയ്യാറാക്കുക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം. രാവിലെ 10 മണിക്ക് യുഡിഎഫ് പഞ്ചായത്ത് തല കമ്മറ്റികൾ തയ്യാറാക്കിയ പ്രാദേശിക വികസന പ്രവർത്തനങ്ങളുടെ അവതരണത്തോടെ ഫോക്കസ് 2030ന് തുടക്കമായത്. രണ്ട് മണിയോടെയാണ് ഓപ്പൺ ഫോറം ആരംഭിച്ചത്. നിയോജകമണ്ഡലവുമായി ബന്ധപ്പെട്ടുള്ള പലവിധ വികസന പ്രവർത്തനങ്ങളാണ് ഓപ്പൺ ചർച്ചയിൽ ഉന്നയിക്കപ്പെട്ടത്. സുൽത്താൻബത്തേരി നഗരത്തിലെ ഗതാഗത കുരുക്ക്, രാത്രിയാത്രാ നിരോധനം, നിലമ്പൂർ-വയനാട്-നഞ്ചൻഗോഡ് റെയിൽപാത, ആരോഗ്യ മേഖലയിലെ വിവിധങ്ങളായ പ്രശ്‌നങ്ങൾ, വന്യമൃഗശല്യം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള നടപടികളെ സംബന്ധിച്ചും വ്യാഴാഴ്ച നടന്ന ഓപ്പൺ ഫോറത്തിൽ ചർച്ചയായി . കോൺക്ലേവിന്റെ സമാപനദിവസമായ ഇന്ന് രാവിലെ ഒമ്പത് മണിക്ക് പട്ടികജാതി-പട്ടികവർഗ മേഖലയുമായി ബന്ധപ്പെട്ടുള്ള .സമത്വസംഗമം നടക്കും. 11.30ന് കാർഷിക മേഖലയിലെ വികസനം, വിപണനം എന്നീ ലക്ഷ്യത്തോടെ വിത്തുമുതൽ വിപണി വരെ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചകൾ നടക്കും. ഉച്ചക്ക് 1.30ന് വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതിക്കായി ‘എഡ്യു ഫ്യൂച്ചർ’, വൈകിട്ട് മൂന്ന് മണിക്ക് ‘ദി കെയർ’ എന്ന പേരിൽ ആരോഗ്യമേഖലയുടെ ഉന്നമനം ലക്ഷ്യംവച്ച് ഈ മേഖലയിലെ വിദഗ്ദർ പങ്കെടുക്കുന്ന പ്രത്യേക സെഷനും നടക്കും, 4.30ന് വയനാടിന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന ‘ബ്രാൻഡ് വയനാട്’. എന്ന വിഷയങ്ങളിലായിരിക്കും ചർച്ച നടക്കുക. ജനപ്രതിനിധികൾ, വകുപ്പതല ഉദ്യോഗസ്ഥർ, പലവിധ സാമൂഹിക മേഖലകളെ പ്രതിനിധാനം ചെയ്തുകൊണ്ട് വിവിധ സംഘടനകളുടെ ഭാരവാഹികൾ, പത്ര ദൃശ്യ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *